X

നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം-വഫക്ക് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ കെഎം ബഷീറിനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. കേസില്‍ വിചാരണ നടപടി ആരംഭിക്കാനിരിക്കെ നോട്ടീസ് നല്‍കിയിട്ടും ഒന്നാം പ്രതിയായ വെങ്കിട്ടരാമന്‍ ഹാജരാവാതിരുന്നതോടെയാണ് കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അടുത്ത മാസം 12 ന് കോടതിയില്‍ ശ്രീറാം നേരിട്ട് ഹാജരാകണമെന്ന് ഒന്നാം പ്രതിയോട് കോടത് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ഇന്ന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. അന്‍പതിനായിരം രൂപയുടെ സ്വന്തം ജാമ്യം ബോന്‍ഡിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോന്‍ഡിന്മേലുമാണ് കോടതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരുവരോടും ഇന്ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, വഫ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരായത്. വിവിധ കാരണങ്ങള്‍ പറഞ്ഞാണ് മൂന്ന് തവണ ശ്രീറാം വെങ്കിട്ട രാമന്‍ കോടതിയില്‍ ഹാജരാകാതിരുന്നത്. മദ്യലഹരിയില്‍ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന്റെ മൂക്കിന് മുന്നിലുണ്ടായ അപകടത്തില്‍ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷിക്കാന്‍ നടന്ന ഉന്നതതല നീക്കങ്ങള്‍ കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തതാണ്.

chandrika: