മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി വിധി. ഗുര്‍മീതിനുള്ള ശിക്ഷ ഈ മാസം 28ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. വിധി പറയാനിരുന്ന കോടതി വിധി ഒരു മണിക്കൂറിനുശേഷമേ പുറത്തുവിടാവു എന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചക്ക് 2.45ഓടെയാണ് കോടതി വിധി പറയാന്‍ തുടങ്ങിയത്. ഹരിയാനയിലെ പഞ്ച്കുള കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
നൂറു കണക്കിന് അനുയായികളാണ് വിധി എന്താണെന്നറിയാന്‍ പുറത്ത് തമ്പടിച്ചിരിക്കുന്നത്. കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഇയാളെ അംബാല കോടതിയിലേക്ക് മാറ്റും. സൈന്യത്തിന്റെ കനത്ത അകമ്പടിയിലാണ് ഗുര്‍മീതുള്ളത്.
നൂറിലധികം കാറുകളുടെ അകമ്പടിയോടെയാണ് ചണ്ഡിഹഡിനു സമീപമുള്ള പഞ്ച്കുലയിലെ കോടതിയിലേക്ക് റാം റഹീം പുറപ്പെട്ടത്. വഴിനീളം അനുയായികള്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തിയത്. വിധി റാം റഹിമിനു പ്രതീകൂലമായാല്‍ കലാപമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്. ഹരിയാന സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15000 അര്‍ദ്ധ സൈനികരും ഇരു സംസ്ഥാനങ്ങളിലൂമായി സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ ഇരു സംസ്ഥാങ്ങളിലേക്കുമുള്ള 201 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് റാം റഹിമിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്.