ന്യൂഡല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവേ ഇതുസംബന്ധിച്ച് നേരത്തെ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ അടക്കം കോടതി പരിശോധിച്ചു.
കശ്മീര്‍ യാത്രക്കു ശേഷം കെ.ടി ജലീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. പാകിസ്താന്‍ അധീനതയിലുള്ള കശ്മീരിനെ ആസാദ് കശ്മീരെന്നും ജമ്മുവും കശ്മീര്‍ താഴ്‌വരയും ഉള്‍പ്പെട്ട പ്രദേശത്തെ ഇന്ത്യന്‍ അധീന കശ്മീര്‍ എന്നുമാണ് ജലീല്‍ ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചത്.