ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരിച്ചടിയായി കോടതിയുടെ നോട്ടീസ്. 19-കാരനെ കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. മഹാരാജ്ഗഞ്ജ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്.
1999-ലാണ് കേസിന്നാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ സമാജ്‌വാദി പാര്‍ട്ടി നേതാവ് തലത് അസീസിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന സത്യപ്രകാശ് യാദവ് കൊല്ലപ്പെട്ട കേസിലാണ് യോഗിക്ക് കോടതി നോട്ടീസ് അയച്ചത്. മഹാരാജ്ഗഞ്ജില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വെടിവെപ്പില്‍ യാദവ് കൊല്ലപ്പെടുകയായിരുന്നു. ഈ കേസിന്റെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം യോഗിയും കേസിലുണ്ട്.
നേരത്തെ, കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തലത് അസീസ് മാര്‍ച്ചില്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളി. തുടര്‍ന്ന് തലത് അസീസ് ലഖ്‌നൗ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ലഖ്‌നൗ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മഹാരാജ്ഗഞ്ജ് സെഷന്‍സ് കോടതി ഇപ്പോള്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. മറുപടി നല്‍കാന്‍ ഒരാഴ്ച്ച സമയം അനുവദിച്ചിട്ടുണ്ട്.