മാലേഗാവ്; രണ്ട് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് കൂടി ജാമ്യം

മുംബൈ: 2008 ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതികളായ രണ്ട് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് കൂടി ജാമ്യം ലഭിച്ചു. സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ദ്വിവേദി എന്ന സ്വാമി ദയാനന്ദ് പാണ്ഡെ എന്നിവര്‍ക്കാണ് മുംബൈ എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്.

ഇരുവരും രണ്ടുപേരുടെ ആള്‍ജാമ്യവും അഞ്ചുലക്ഷം രൂപ ജാമ്യത്തുകയും കോടതിയില്‍ കെട്ടിവെക്കണം. കേസിലെ മുഖ്യപ്രതികളായ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിനും വി.എച്ച്.പി നേതാവ് സാധ്വി പ്രജ്ഞാസിങ് താക്കൂറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 2008 ല്‍ അറസ്റ്റിലായ പുരോഹിതിന് ഒമ്പതു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ പ്രജ്ഞാ സിങ് കഴിഞ്ഞ ഏപ്രില്‍ 25 നും പുറത്തിറങ്ങി. 2008 സെപ്റ്റംബര്‍ 29 നായിരുന്നു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മാലേഗാവില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രജ്ഞാ സിങ് താക്കൂര്‍, കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി ദയാനന്ദ് പാണ്ഡെ എന്നിവരാണ് സ്‌ഫോടനത്തിന്റെ മുഖ്യആസൂത്രകരെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാണ്ഡെയുടെ നിര്‍ദേശപ്രകാരമാണ് കേണല്‍ പുരോഹിത് സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതെന്നും താക്കൂറിന്റെ ഉടമസ്ഥതയിലുള്ള മോേട്ടാര്‍ സൈക്കിളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

chandrika:
whatsapp
line