ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ പെട്ട് വലയുന്ന കേരളത്തിനെ രക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയിലേക്ക് പോകണമെന്ന ശശിതരൂരിന്റെ ആവശ്യത്തിന് കോടതിയുടെ അനുമതി. ഭാര്യ സുനന്ദപുഷ്‌ക്കറിന്റെ ദുരൂഹമരണത്തില്‍ വിദേശയാത്ര നിഷേധിക്കപ്പെട്ട തരൂര്‍ കേസ് പരിഗണിക്കുന്ന പട്യാല കോടതിയെ സമീപിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സഹായമഭ്യര്‍ത്ഥിക്കാന്‍ ജനീവയിലേക്ക് പോകാന്‍ കോടതി അനുവാദം നല്‍കുകയും ചെയ്തു.
തരൂരിന് വിദേശയാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഈ മാസം ആദ്യം നീക്കിയിരുന്നു. അമേരിക്ക, കാനഡ, ജര്‍മ്മനി അടക്കം അഞ്ചു രാജ്യങ്ങളിലേക്ക് പോകുന്നതിനാണ് കോടതി അനുമതി നല്‍കിയിരുന്നത്.
അതേസമയം, നിബന്ധനകളോടെയാണ് വിദേശയാത്രക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്. യാത്ര പോകുന്നതിന് മുമ്പ് രണ്ട് ലക്ഷം രൂപ കെട്ടിവെക്കണം. മടങ്ങിവന്ന ശേഷം ഈ തുക തിരികെ നല്‍കും. അതുകൂടാതെ യാത്രയുടെ വിശദാംശങ്ങള്‍ കോടതിയേയും അന്വേഷണ ഉദ്യോഗസ്ഥനേയും അറിയിക്കണം. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.