X

കോടതിയെ പേടിപ്പിക്കുന്ന പാര്‍ട്ടിക്കൊടികള്‍- എഡിറ്റോറിയല്‍

‘ആരാണ് കൊടികെട്ടിയത് എന്നത് കോടതിക്ക് വിഷയമല്ല. നിയമവിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും നടപടിയെടുക്കണം. കോര്‍പ്പറേഷന്‍ അനുമതിക്ക് വരുദ്ധമായാണ് ഫൂട്പാത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചത്. നിമയലംഘനങ്ങള്‍ക്ക് നേരെ കോര്‍പ്പറേഷന്‍ കണ്ണടച്ചതെങ്ങനെ? നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി തുറന്നുപറയണം..’ കേരളഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രണ്ടാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായി ചൊവ്വാഴ്ച ഇത് രണ്ടാം തവണയാണ് കേരളത്തിലെ ഭരണകക്ഷിക്കെതിരെ ഇത്തരത്തിലൊരു കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായാണ് കോടതിയുടെ ചാട്ടവാറെങ്കിലും സി.പി.എമ്മിന്റെ താന്തോന്നിത്തത്തെയാണ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ കടുത്ത ഭാഷയുപയോഗിച്ച് കുടഞ്ഞെറിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28നും കോടതിയുടെ ഭാഗത്തുനിന്ന് കോര്‍പറേഷനും കൊച്ചികോര്‍പറേഷന്‍ പരിധിയിലെ പാതയോരങ്ങളിലും ഫുട്പാത്തുകളിലും കൊടി തോരണങ്ങള്‍ കെട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ പരാമര്‍ശമുയര്‍ന്നിരുന്നു.

സത്യത്തില്‍ കോടതിയോടും ജനങ്ങളോടുമുള്ള സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും വെല്ലുവിളിയാണ് രണ്ടാമതും കോടതിയെകൊണ്ട് ഇത്തരത്തിലൊരു വിമര്‍ശനത്തിന് വഴിവെപ്പിച്ചത്. എറണാകുളം മറൈന്‍ഡ്രൈവില്‍ മാര്‍ച്ച്ഒന്നുമുതല്‍ നാലുവരെയായി നടന്ന സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളനമാണ് ഇതിനൊക്കെ കാരണം. കോടികള്‍ ചെലവഴിച്ച് കൊറോണകാലത്ത് കേരളത്തിലെ ഏറ്റവുംവലിയ മഹാനഗരത്തില്‍ സി.പി.എം ചെയ്തത് കോടതിയെയും ന്യായാധിപനെയും ചൊടിപ്പിച്ചതില്‍ ഒരത്ഭതവുമില്ല. കൊച്ചി കോര്‍പറേഷനോട് കൊടിതോരണങ്ങള്‍ ഇത്തരത്തില്‍ കെട്ടാനായി അനുമതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് അനുമതി നല്‍കിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അതേക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ എന്നായി കോടതി. ചൊവ്വാഴ്ച പക്ഷേ കോടതി കേസ് പരിഗണിച്ചപ്പോള്‍ വീണ്ടും കോര്‍പറേഷന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായതായാണ് കോടതി കണ്ടെത്തിയത്. ഇതേക്കുറിച്ചാണ് രണ്ടാമതും ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കോടതി ആവശ്യപ്പെട്ട മറുപടി നല്‍കാത്തതും കോടതിയെ ദേഷ്യപ്പെടുത്തി.
ഏത് പാര്‍ട്ടിയാണെന്നതല്ല, ഇത്തരത്തില്‍ നിയമവിരുദ്ധമായി ആര് കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ജഡ്ജി വിശദീകരിക്കുകയുണ്ടായി. ഒരുപക്ഷേ കോടതിയുടെ ഫെബ്രുവരി 28ലെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായിവിജയന്‍ നടത്തിയ പരോക്ഷവിമര്‍ശനമാകാം കോടതിയെ വീണ്ടും ചൊടിപ്പിച്ചതും ആക്രമണം കടുപ്പിക്കാന്‍ ഇട വരുത്തിയതും. ‘ ചിലര്‍ക്ക് ഇപ്പോഴും ചുവന്നകൊടി കണ്ടാല്‍ അലര്‍ജിയാണെന്നായിരുന്നു മാര്‍ച്ച് നാലിന് കൊച്ചിയില്‍ സി.പി.എം സമ്മേളനസമാപനപൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രിയുടെ കമന്റ്. യഥാര്‍ത്ഥത്തില്‍ ഇതിലൂടെ കോടതിയെ ധിക്കരിക്കുകയും പരിഹസിക്കുകയും മാത്രമല്ല, അധികാരം കയ്യിലുള്ള സ്വേച്ഛാധിപതിയുടെ ഭാഷയാണ് പിണറായിയില്‍നിന്നുണ്ടായത്. കോടതി ഉത്തരവുകളെ വെല്ലുവിളിക്കുകയാണോ, ഇതാണോ നവകേരളം എന്ന വിചാരണക്കിടെയുള്ള ജഡ്ജിയുടെ ചോദ്യം തീര്‍ച്ചയായും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍വഴിയില്ല.

മുമ്പ് റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനെതിരെ കേരളഹൈക്കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ജഡ്ജിയെ ‘ശുംഭന്‍’ എന്ന് വിളിച്ചാക്ഷേപിച്ച പാരമ്പര്യമുള്ളവരാണ് സി.പി.എമ്മുകാര്‍. ജഡ്ജിയെ പ്രതീകാത്മകമായി നാടുകടത്തുകവരെ ചെയ്തു സി.പി.എമ്മുകാര്‍. പദപ്രയോഗം പിന്‍വലിക്കാത്തതിനെതുടര്‍ന്ന് സി.പി.മ്മിന്റെ നിലവിലെ കണ്ണൂര്‍ജില്ലാസെക്രട്ടറി എം.വി ജയരാജന് ഒരുദിവസത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിയുംവന്നു. കൊച്ചിസ്വദേശി നല്‍കിയ പരാതിയില്‍ അമികസ്‌ക്യൂറി നടത്തിയ പരിശോധനയിലാണ് കോര്‍പറേഷനെതിരെ കോടതിയുടെ വിമര്‍ശനം ഉണ്ടായത്.കേരളത്തിലെ ദേശീയപാതയോരങ്ങളിലടക്കം വെച്ചിട്ടുള്ള കൂറ്റന്‍ഹോര്‍ഡിംഗുകള്‍ മാറ്റണമെന്ന ്കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയെങ്കിലും അതിലും ഇടതുസര്‍ക്കാര്‍ കോടതിയെ വെല്ലുവിളിക്കുന്ന തരത്തിലാണ് പെരുമാറിയത്. ഇന്നും ആ വിധി പൂര്‍ണമായി നടപ്പാക്കപ്പെട്ടിട്ടില്ല. സി.പി.എംസമ്മേളനവുമായി ബന്ധപ്പെട്ട തോരണങ്ങള്‍ മാര്‍ച്ച് അഞ്ചിന് എടുത്തുമാറ്റുമെന്ന ്‌കോര്‍പറേഷന്‍ ഉറപ്പുനല്‍കിയെങ്കിലും ഇടതുമുന്നണിയുടെ കോര്‍പറേഷന്‍ഭരണക്കാരില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും സ്വന്തമായി നടപടിയുണ്ടായില്ല. പകരം പാര്‍ട്ടിക്കാര്‍തന്നെയാണ് അവ കൊണ്ടുപോയതെന്നായിരുന്നു കോര്‍പറേഷന്റെ മറുപടി. സംഘടിതശക്തി സാധാരണക്കാരും അസംഘടിതരുമായ ജനങ്ങളെ എങ്ങനെ പ്രയാസത്തിലാക്കുന്നുവെന്നതിന് മികച്ച ഉദാഹരണമാണീ സംഭവങ്ങള്‍.

Test User: