കോഴിക്കോട്: പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കോടതി ഇടപെടല്‍.
നടിയുടെ പേര് വെളിപ്പെടുത്തി ടെലിവിഷന്‍ ചാനലുകളിലടക്കം അവഹേളിക്കുന്ന തരം പരാമര്‍ശം നടത്തിയതിനാണ് കേസെടുക്കാന്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് പൊലീസിനോട് ആവശ്യപ്പെട്ടത്. ആക്രമണത്തിന് ഇരയായ നടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടികാണിച്ച് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങള്‍ നടത്തിയതിന് പി.സി. ജോര്‍ജ് എംഎല്‍എയ്ക്ക് എതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു. പത്രസമ്മേളനത്തിലും ചാനല്‍ അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തിയാണു നടപടി.