X
    Categories: indiaNews

ഷര്‍ജീല്‍ ഇമാമിനെതിരെ കുറ്റം ചുമത്തി കോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ കുറ്റം ചുമത്തി കോടതി. അലീഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റി ക്യാമ്പസിലും ജാമിഅ പരിസരത്തും നടന്ന പരിപാടികളില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി.

സെക്ഷന്‍ 124(എ) (രാജ്യദ്രോഹം), 153(ബി) രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുംവിധം പ്രവര്‍ത്തിക്കല്‍, 505 (പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കും വിധം സംസാരിക്കല്‍) തുടങ്ങി ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകളും യു.എ.പി. എ നിയമത്തിലെ 13ാം വകുപ്പും (നിയമവിരുദ്ധ പ്രവര്‍ത്തനം) ആണ് ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. 2020 ജനുവരി 25നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ദല്‍ഹി കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ താന്‍ ഒരു തീവ്രവാദിയല്ലെന്ന് ഷര്‍ജീല്‍ ഇമാം നേരത്തെ പറഞ്ഞിരുന്നു. താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ നിയമസംവിധാനത്തിലുള്ള ഒരു സര്‍ക്കാരിന്റേതല്ലെന്നും ഒരു രാജഭരണത്തിന്റെ പ്രഹരമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു.2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Test User: