X

മുത്തലാഖിന് ആറുമാസത്തേക്ക് വിലക്ക്; പുതിയ നിയമനിര്‍മാണം നടത്താനും സുപ്രീംകോടതി

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യത്തില്‍ അഭിപ്രായ പറയാതെ ഭരണഘടനാ ബെഞ്ച്. അതേസമയം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആറ് മാസത്തെ സമയം അനുവദിക്കുന്നതായും ആറ് മാസത്തിനകം പുതിയ നിയമം കൊണ്ടു വരണമെന്നും സുപ്രീകോടതി. ആറുമാസത്തേക്ക് രാജ്യത്ത് മുത്തലാഖ് രീതിയിലുള്ള വിവാഹമോചനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതായും സുപ്രീം കോടതി വിധി പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം മുത്തലാഖ് അടക്കം എല്ലാ തലാഖും ഭരണഘടനാ വിരുദ്ധമല്ലെന്നും ഭരണഘടനയുടെ പരിരക്ഷ മുസ്ലീം വ്യക്തിനിയമങ്ങള്‍ക്കുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാടാണ് എടുത്തത്. എന്നാല്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേര്‍ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ടു. അഞ്ച് പേരില്‍ മൂന്ന് ജസ്റ്റിസുമാരും മുത്തലാഖിന് എതിര്‍ നിലപാട് എടുത്തതോടെ മുത്തലാഖിന് രാജ്യത്ത് പ്രത്യക്ഷത്തില്‍ നിരോധനം വന്ന് അവസ്ഥയാണ്.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്നും അല്ലെന്നും നിരീക്ഷിച്ച ഭരണഘടനാ ബെഞ്ച്, മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ നിയമം നിലവില്‍ വരുന്നതുവരെ ആറുമാസത്തേക്ക് മുത്തലാഖിന് രാജ്യത്ത് വിലക്ക് സുപ്രീംകോടതി ഏര്‍പ്പെടുത്തി. അതേസമയം ആറുമാസത്തിനകം മുത്തലാഖ് വിഷയത്തില്‍ നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ സുപ്രീം കോടതിയുടെ വിലക്കു തുടരും. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണു വിധി.

എന്നാല്‍ ബെഞ്ചിലെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറും മുത്തലാഖ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടാണ് എടുത്തത്. മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനകം പുതിയ നിയമനിര്‍മാണം നടത്തണമെന്ന് ഇരുവരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. മുത്തലാഖ് ആയിരം വര്‍ഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണ്. മുസ്ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ മുത്തലാഖ് പെടുമെന്നും ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങള്‍ മുത്തലാഖ് ലംഘിക്കുന്നില്ലെന്നും ഇരുവരും വിലയിരുത്തി.

അതേസമയം, മുത്തലാഖ് നിയമവിരുദ്ധമാണെന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, യു.യു. ലളിത് എന്നിവര്‍ അഭിപ്രായപ്പെട്ടു. 1000 പേജ് വരുന്ന വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

chandrika: