X

പാക്കിസ്താന് തിരിച്ചടി; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ചാര പ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്താന്‍ വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തരകോടതി സ്‌റ്റേ ചെയ്തു. 11അംഗങ്ങടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പാക്കിസ്താന്‍ വഴങ്ങിയിരുന്നില്ല. പാക്കിസ്താന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും ഹേഗ് കോടതി തള്ളുകയായിരുന്നു.

അന്തിമതീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പറഞ്ഞു. ജാദവിന് നയതന്ത്ര, നിയമ സഹായങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. പാക്കിസ്താനിലെ സ്വതന്ത്ര കോടതിയില്‍ പുനര്‍വിചാരണ നടത്തണം. അതുവരെ ശിക്ഷ നടപ്പാക്കില്ലെന്ന് പാക്കിസ്താന്‍ ഉറപ്പുവരുത്തണം. കുല്‍ഭൂഷന്റെ വിചാരണ നടന്ന പാക്കിസ്താനിലെ സൈനിക കോടതിയെ സ്വതന്ത്ര കോടതിയായി രാജ്യാന്തര കോടതി പരിഗണിച്ചില്ല. കുല്‍ഭൂഷണ്‍ ചാരപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും നടത്തിയെന്ന പാക്കിസ്താന്റെ വാദവും കോടതി തള്ളി.

അതേസമയം, കുല്‍ഭൂഷണ്‍ ഇന്ത്യക്കാരനാണെന്ന് ഇന്ത്യയും പാക്കിസ്താനും അംഗീകരിച്ചിട്ടുള്ളതാണെന്ന് വിധി പ്രസ്താവിക്കുന്നതിനിടെ ജഡ്ജി പറഞ്ഞു. കുല്‍ഭൂഷനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അവകാശം ഉണ്ട്. ഇത് അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമാണ്. നിയമസഹായം നല്‍കാതിരുന്നത് ശരിയായില്ലെന്നും പാക്കിസ്താന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും കോടതി പറഞ്ഞു.

chandrika: