X

നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികള്‍ക്കെതിരെ കോടതിയുടെ വിമര്‍ശനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ കോടതി. വിവിധ ആവശ്യങ്ങളുമായി തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച് കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഇത് വിചാരണക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി.

പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ തളളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഇരുവര്‍ക്കുമെതിരെ മതിയായ തെളിവുകളുണ്ടെന്നും ഇവര്‍ വിചാരണ നേരിടണമെന്നും കോടതി അറിയിച്ചു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നതാണ് പ്രതീഷ് ചാക്കോക്കും രാജു ജോസഫിനും എതിരെയുളള കേസ്. തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്. പക്ഷേ പൊലീസ് പ്രതീഷിനെയും രാജുവിനെയും ചോദ്യം ചെയ്‌തെങ്കിലും ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല. അതേസമയം, ദിലീപിന് ആക്രമിക്കപ്പെട്ട നടിയുടെ വൈദ്യപരിശോധനാ ഫലം നല്‍കാന്‍ കോടതി ഉത്തരവായി. മറ്റ് പ്രതികള്‍ക്ക് ഇത് നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

chandrika: