സോള്‍: പൊട്ടിത്തെറി ഭീഷണിയെത്തുടര്‍ന്ന് ഗാലക്‌സി നോട്ട് 7 ശ്രേണിയിലെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാനും തിരിച്ചയക്കാനും കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പോസ്റ്റല്‍ വഴി ഫോണുകള്‍ തിരിച്ചയക്കുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാമെന്നാണ് കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ അപകടസാധ്യത മുന്നില്‍കണ്ട് പോസ്റ്റല്‍ വഴി അയക്കുന്നതിന് കൊറിയര്‍ കമ്പനികള്‍ നിരോധനമേര്‍പ്പെടുത്തിയതോടെ വെട്ടിലായിരിക്കുകയാണ് സാംസങ് അധികൃതര്‍. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനാല്‍ പോസ്റ്റ് വഴി അയക്കുന്നത് തങ്ങളുടെ സര്‍വീസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കൊറിയര്‍ കമ്പനികള്‍ സാംസങിന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ഫോണ്‍ മടക്കി വാങ്ങി പണം തിരികെ വാങ്ങാനുള്ള കമ്പനിയുടെ ശ്രമം അവതാളത്തിലായി. പണം തിരികെ നല്‍കുന്നതിലൂടെ കമ്പനിയുടെ വിശ്വാസ്യത വീണ്ടെടുക്കാമെന്നായിരുന്നു സാംസങ് കരുതിയിരുന്നത്. 2000 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ കമ്പനി കണക്കാക്കുന്നത്.