തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് കാരണമായ സ്ഥലം ഒഴിപ്പിക്കലിന് പരാതി നല്‍കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരി വസന്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമാണെന്ന് നേരത്തെ മരണപ്പെട്ട രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ ആരോപിച്ചിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മരിച്ച ദമ്പതികളുടെ വീട്ടിലെത്തി കഴിഞ്ഞ ശേഷമാണ് വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
വസന്തയുടെ വീടിന് മുന്‍പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. രാജനും അമ്പിളിയും മരണപ്പെട്ടതിന് പിന്നാലെ കേസില്‍ നിന്നും പിന്മാറുമെന്നും സ്ഥലം അവരുടെ മക്കള്‍ക്ക് നല്‍കുമെന്നും ആദ്യം മാധ്യമങ്ങളോട് പറഞ്ഞ വസന്ത കേസുമായി മുന്നോട്ട് പോകുമെന്ന് നിലപാട് മാറ്റിയിരുന്നു. ഗുണ്ടായിസം കാണിച്ചവര്‍ക്ക് സ്ഥലം നല്‍കില്ലെന്നാണ് ഇന്ന് അവര്‍ പറഞ്ഞത്.