തിരുവനന്തപുരം: മലയിന്‍കീഴില്‍ വാടക വീട്ടില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികള്‍ അറസ്റ്റില്‍. മലയിന്‍കീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ വിളവൂര്‍ക്കല്‍ മലയം സ്വദേശി സുമ (28) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസും റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയിലായില്‍ പൊലീസ് കഞ്ചാവ് കണ്ടെത്തിയത്.
ഒരു മാസം മുന്‍പാണ് പ്രതികള്‍ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായും പൊലീസിനു രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ബാലരാമപുരം സ്വദേശിയില്‍ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നു സൂചനയുണ്ട്. ന്യൂഇയര്‍ ലക്ഷ്യമിട്ട് വില്‍പന നടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു. കാട്ടാക്കട, മലയിന്‍കീഴ്, പൂജപ്പുര സ്‌റ്റേഷനുകളില്‍ മാല കവര്‍ച്ച ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് വിജയകാന്ത്.