X

രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക്

ടി ഷാഹുല്‍ ഹമീദ്

രാജ്യത്ത് റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ കറന്‍സിയായി ഇ രൂപ പുറത്തിറങ്ങാന്‍ പോവുകയാണ്. നിലവിലുള്ള കറന്‍സിക്ക്പുറമേ എളുപ്പത്തിലും വേഗത്തിലും ചിലവ് കുറഞ്ഞ രീതിയിലും ഡിജിറ്റല്‍ കറന്‍സി ലഭ്യമാകും. 2022- 23 ബജറ്റില്‍ രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് പോകുമെന്ന് പ്രഖ്യാപിക്കുകയും ഇതിനായി റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ നിയമം 2022 മാര്‍ച്ച് 30ന് ഭേദഗതി വരുത്തുകയും ചെയ്തിരിന്നു. മുന്‍കാല അനുഭവങ്ങള്‍ ഇല്ലാത്തതിനാല്‍ രാജ്യം കരുതലോടെയാണ് ഡിജിറ്റല്‍ കറന്‍സിയുമായി മുന്നോട്ടുപോകുന്നത്. നിലവിലുള്ള കറന്‍സി നോട്ടുകള്‍ക്ക് പകരമല്ല, മറിച്ച് ആദ്യഘട്ടത്തില്‍ ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി മാത്രം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ 55 ശതമാനം വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് 143.3 കോടി ജനങ്ങളില്‍ 825 ദശ ലക്ഷം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. സ്വകാര്യമേഖലയില്‍ നടക്കുന്ന അറിവിന്റെയും നൂതനാശയങ്ങളുടെയും വിസ്‌ഫോടനത്തില്‍ സര്‍ക്കാരിനു സാമ്പത്തികരംഗത്ത് പുതിയ നീക്കങ്ങള്‍ ഇല്ലാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് ഉപയോഗിച്ചവരുടെ എണ്ണം 750 ദശലക്ഷമായി വര്‍ധിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ സംവിധാനത്തില്‍ പ്രത്യേകിച്ച് ഇന്റര്‍നെറ്റിലൂടെ കൈകാര്യം ചെയ്യുന്നതതോ സംഭരിക്കുന്നതോ വിനിമയം ചെയ്യുന്നതോ ആയ ആസ്തി ഉണ്ടാക്കുന്ന ഉപായമാണ് ഡിജിറ്റല്‍ കറന്‍സി. കേന്ദ്രീകൃത സെര്‍വര്‍ ഇല്ലാത്തതും കരുതല്‍ ശേഖരണത്തിലെ മൂര്‍ത്തമായ ആസ്തികള്‍ ഇല്ലാത്തതുമായതാണ് ഡിജിറ്റല്‍ കറന്‍സി അഥവാ ക്രിപ്‌റ്റോ കറന്‍സി. ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെയോ ഇടനിലക്കാരുടെയോ ആവശ്യം ഡിജിറ്റല്‍ കറന്‍സിക്ക് ആവശ്യമില്ല. നേരിട്ട് കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ വിനിമയത്തിന് പ്രത്യേക നിരക്കില്ലാത്തതിനാല്‍ ഡിജിറ്റല്‍ കറന്‍സിയുടെ കൈമാറ്റം എളുപ്പം സാധിക്കുന്നു. ക്രിപ്‌റ്റോ കറന്‍സിയുടെ അടിസ്ഥാനമായ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ് ഡിജിറ്റല്‍ കറന്‍സി. നിയന്ത്രണവും നിര്‍വഹണവും ഉപഭോക്താക്കള്‍ക്ക് വിട്ടുനല്‍കുന്ന സവിശേഷമായ സംവിധാനമാണ് ബ്ലോക്ക് ചെയിന്‍. ഇന്ത്യയില്‍ കേന്ദ്രീകൃത രീതിയില്‍ ഫിയറ്റ് കറന്‍സി പോലെ ഡിജിറ്റല്‍ കറന്‍സി ഇറക്കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സമയനഷ്ടമില്ലാതെ ക്രമക്കേടിന് സാധ്യതയില്ലാത്തവിധം ആധികാരികമായും സമഗ്രമായും കൈകാര്യം ചെയ്യുന്നവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കി കേന്ദ്രീകൃത രീതിയില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും എന്നാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

സാമ്പത്തിക സ്ഥിരതയുടെ ആണിക്കല്ല് ഉപഭോക്താക്കളുടെ സംരക്ഷണമാണ്, ഇന്ത്യയില്‍ നിലവില്‍ വിവര സംരക്ഷണ നിയമം ഇല്ലാത്തതിനാല്‍ ശക്തമായ നിരീക്ഷണം ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട് വേണമെന്ന് ഈ മേഖലയിലുള്ള വിദഗ്ധന്മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ കൂടാതെ ഓഫ്‌ലൈനിലും ഡിജിറ്റല്‍ കറന്‍സി വേണമെന്ന ആവശ്യം ശക്തമാണ്. ബ്ലൂടൂത്ത്, നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവയിലൂടെ ഓഫ്‌ലൈനായി ഡിജിറ്റല്‍ കറന്‍സി ലഭ്യമാകണം. വൈദ്യുതി, ടെലിഫോണ്‍ സൗകര്യമില്ലാത്ത സ്ഥലത്തും ഇ രൂപ ഡിജിറ്റല്‍ കറന്‍സി വേണമെന്ന് ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന കറന്‍സികള്‍ ലോകത്ത് അസ്തമിക്കാന്‍ പോകുന്നു, ഭാവിയിലെ പണം ഡിജിറ്റല്‍ ആണ്. നിലവില്‍ രാജ്യങ്ങളുടെ ഔദ്യോഗിക കറന്‍സികളും സ്വകാര്യ കറന്‍സികളും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ബീറ്റ് കോയിന്‍ പോലെ ലോകത്ത് പ്രചാരത്തിലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ വികേന്ദ്രീകൃത സ്വഭാവമുള്ളതാണ്. ഡിജിറ്റല്‍ കറന്‍സികളെ പൊതുവേ ക്രിപ്‌റ്റോ കറന്‍സി എന്ന് വിളിക്കാറുണ്ടെങ്കിലും എല്ലാ ഡിജിറ്റല്‍ കറന്‍സികളും ക്രിപ്‌റ്റോ കറന്‍സി അല്ല. ഡിജിറ്റല്‍ കറന്‍സിയുടെ വകഭേദങ്ങളാണ് വെര്‍ച്വല്‍ കറന്‍സിയും ക്രിപ്‌റ്റോ കറന്‍സിയും. നിയന്ത്രണ സംവിധാനം ഇല്ലാതെ വികസിപ്പിക്കുന്ന ആളുകള്‍ തന്നെ കൈകാര്യം ചെയ്യുന്നതാണ് വെര്‍ച്വല്‍ കറന്‍സി. ക്രിപ്‌റ്റോഗ്രാഫി സംവിധാനം ഉപയോഗിച്ച് നിര്‍മിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നതാണ് ക്രിപ്‌റ്റോ കറന്‍സി. പൊതു നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളെ കറന്‍സി വിഭാഗത്തില്‍ പെടുത്താറില്ല. എപ്പോള്‍ വേണമെങ്കിലും പണമായി മാറ്റാന്‍ കഴിയുന്നതിനാല്‍ നിലവിലെ ഓണ്‍ലൈന്‍ ഇടപാടുകളെ ഡിജിറ്റല്‍ കറന്‍സി എന്ന് വിളിക്കാന്‍ കഴിയില്ല. വാണിജ്യ ബാങ്കുകളുടെ ഇടനിലയില്ലാതെ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി. ഇന്ത്യയില്‍ ഡിജിറ്റല്‍ കറന്‍സി എങ്ങിനെ ജനങ്ങളില്‍ എത്തും എന്നതിനെക്കുറിച്ചും വിനിമയ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര വിനിമയം എളുപ്പത്തില്‍ ആവുന്നതിനാല്‍ ലോകത്ത് 80 ശതമാനം സെന്‍ട്രല്‍ ബാങ്കുകളും ഡിജിറ്റല്‍ കറന്‍സി ഇറക്കുന്ന തയ്യാറെടുപ്പിലാണ്. ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യത്തില്‍ വലിയ വ്യത്യാസങ്ങള്‍ അടിക്കടി ഉണ്ടായേക്കാം എന്നതും ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ട് എന്നതും ഡിജിറ്റല്‍ കറന്‍സി നേരിടുന്ന വലിയ വെല്ലുവിളിയാണ്. മൊത്ത വ്യാപാരത്തിനായി അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ കറന്‍സിയും റീട്ടെയില്‍ മേഖലയില്‍ സൂചിക (tokeി) അധിഷഠിത കറന്‍സിയുമാണ് പുറത്തുവരാന്‍ പോകുന്നത്. ഇ രൂപ പുതിയ കറന്‍സി രൂപമല്ല മറിച്ച് ഇന്ത്യയുടെ കറന്‍സി ആയ രൂപയുടെ ഇലക്ട്രോണിക് പതിപ്പാണ്. ഇന്ത്യയുടെ കറന്‍സിയുടെ എല്ലാ സവിശേഷതകളും ഡിജിറ്റല്‍ കറന്‍സിക്ക് ഉണ്ടാകും. ഇടപാടുകാര്‍ക്കും നിക്ഷേപകര്‍ക്കും ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാം.

പണം ഒരു കടലാസ് അല്ല സാധനങ്ങള്‍, സേവനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന സ്ഥിരതയുള്ള, ആന്തരിക മൂല്യമുള്ള വസ്തുവാണ്. പണത്തിന്റെ പ്രധാന ചുമതലകളായ കൈമാറ്റത്തിന്റെ മാധ്യമമായും സ്റ്റോര്‍ വാല്യൂ നിശ്ചയിക്കാനും സേവനങ്ങള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വിനിമയ ഉപാധിയായും പുതിയ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാന്‍ സാധിക്കും. 2022ല്‍ മാത്രം 125 സൈബര്‍ ആക്രമങ്ങള്‍ ക്രിപ്‌റ്റോകറന്‍സി മേഖലയില്‍ ഉണ്ടായി. 300 കോടി ഡോളര്‍ (24690 കോടി രൂപ) ഹാക്കര്‍മാര്‍ തട്ടിയെടുത്തു. ഈ ഗുരുതരമായ സാഹചര്യത്തിന്റെ മുമ്പില്‍ നിന്നാണ് ഡിജിറ്റല്‍ കറന്‍സി എന്ന അത്യാധുനിക സംവിധാനം രാജ്യത്ത് പിറന്നുവീഴാന്‍ പോകുന്നത്.
2022 ജൂലൈ വരെ ലോകത്ത് 105 രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി സാധ്യതയുമായി മുന്നോട്ട്‌പോകുന്നു. നാളിതുവരെ 10 രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയിട്ടുണ്ട്. ബഹാമിയന്‍ രാജ്യം സാന്റ് ഡോളര്‍ എന്ന പേരില്‍ ആദ്യമായി ലോകത്ത് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കി. ഏറ്റവും ഒടുവില്‍ ജമാകൈയുടെ ജാം സെക്‌സ് എന്ന ഡിജിറ്റല്‍ കറന്‍സി പുറത്തുവരികയും ചെയ്തിട്ടുണ്ട്. ലഭിക്കുന്ന വിവരം പ്രകാരം ലോകത്തെ 17 രാജ്യങ്ങള്‍ ഉടന്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതില്‍ ചൈന 2023 ല്‍ ഇ സിഎന്‍ വൈ എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൗത്ത് കൊറിയയും ഡിജിറ്റല്‍ കറന്‍സി അടുത്ത വര്‍ഷം പുറത്തിറക്കുന്നതാണ്.

കള്ളപ്പണം വെളുപ്പിക്കുന്നത് നിയന്ത്രിക്കാനും പണം നല്‍കുന്ന രീതി കാര്യക്ഷമമാക്കാനും പേപ്പര്‍ കറന്‍സി ഇല്ലാതാക്കി ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കാനും പുതിയ ഡിജിറ്റല്‍ കറന്‍സി കൊണ്ട് സാധിക്കും. ലോകത്ത് സ്വീഡന്‍ പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സി പോലെ എല്ലാവര്‍ക്കും സ്വീകാര്യമായ ഡിജിറ്റല്‍ കറന്‍സിയാണ് രാജ്യത്ത് റിസര്‍വ് ബാങ്കിന്റ നേതൃത്വത്തില്‍ പുറത്തുവരാന്‍ പോകുന്നത്. സാമ്പത്തികസ്ഥിരത, മോണിറ്ററിംഗ് നയങ്ങള്‍, കടമെടുപ്പ്, പണം അച്ചടിക്കുമ്പോള്‍ സൂക്ഷിക്കേണ്ട സെക്യൂരിറ്റി, സാമ്പത്തിക മാര്‍ക്കറ്റിലെ വിവിധ ഘടനകള്‍ എന്നിവയുമായി കെട്ടുപിണഞ്ഞുനില്‍ക്കുന്നതാണ് പണം. അതിലേക്കാണ് പുതിയ ഡിജിറ്റല്‍ കറന്‍സി കടന്നുവരാന്‍ പോകുന്നത്.

 

Test User: