പി. ഇസ്മായില്‍ വയനാട്
ലോക തലത്തില്‍ പെട്രോള്‍ ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്നത് ഇന്ത്യയിലാണ്. പാകിസ്താന്‍, ശ്രീലങ്ക, മ്യാന്‍മര്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ ഇന്ധന വില താരതമ്യംചെയ്യുമ്പോള്‍ നമ്മുടെ പകുതിക്ക് താഴെയാണ്. പെട്രോള്‍, ഡീസല്‍ റീട്ടെയില്‍ വിലയില്‍ 69 ശതമാനം നികുതിയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന സമയം പെട്രോളിന് എക്‌സൈസ് നികുതി 9.48 രൂപയായിരുന്നു. ഇപ്പോള്‍ 32.98 രൂപയും ഡീസലിന് 3.56ന്റെ സ്ഥാനത്ത് 31.83 രൂപയുമായി. 2014 ല്‍ കേന്ദ്ര സര്‍ക്കാരിന് ഇന്ധന നികുതി ഇനത്തില്‍ ലഭിച്ചത് 74158 കോടിയായിരുന്നെങ്കില്‍ കഴിഞ്ഞ മാര്‍ച്ചില്‍ 3.89 ലക്ഷം കോടിയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയിലിന് വില കൂടുന്നതിനാലാണ് ഇന്ത്യയിലും ഇന്ധനവില വര്‍ധിക്കാന്‍ കാരണമെന്നാണ് ബി.ജെ.പിയെപോലെ സി.പി.എമ്മിന്റെയും പ്രചാരണം. ആഗോള വിപണിയില്‍ 2008ലാണ് ക്രൂഡ്ഓയിലിന്റെ ഏറ്റവും വലിയ വിലയായ 144 ഡോളറിന് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യയില്‍ അന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 50 രൂപയും ഡീസലിന്റെത് 35 രൂപയുമായിരുന്നു. കോവിഡ് കാലയളവില്‍ ക്രൂഡ്ഓയിലിന്റെ വില കൂപ്പുകുത്തി 20 ഡോളറിലെത്തിയപ്പോഴാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ സെഞ്ച്വറി കടന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും ഒറ്റയടിക്ക് നികുതി വര്‍ധിപ്പിച്ചാണ് ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യം സര്‍ക്കാര്‍ തട്ടിപ്പറിച്ചത്. കഴിഞ്ഞ 11 മാസത്തി നുള്ളില്‍മാത്രം പെട്രോളിന് 25.83 രൂപയും ഡീസലിന് 25.60 രൂപയുമാണ് വര്‍ധിപ്പിച്ചത്. കോവിഡ് കാലത്ത് മാത്രം രണ്ടര ലക്ഷം കോടിയുടെ തീവെട്ടിക്കൊള്ളക്കാണ് സര്‍ക്കാര്‍ കാര്‍മികത്വം വഹിച്ചത്. കര്‍ണ്ണാടക, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ജനരോഷവും കണക്കിലെടുത്ത് കൊള്ളലാഭത്തില്‍നിന്ന് ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും താല്‍ക്കാലികമായി കേന്ദ്ര സര്‍ക്കാര്‍ വില കുറയ്ക്കുകയുണ്ടായി. വിലക്കുറവിന് എത്ര ദിവസത്തെ ആയുസുണ്ടാവുമെന്ന് അറിയില്ല. ബീഹാറിലും കര്‍ണ്ണാടകയിലും തിരഞ്ഞെടുപ്പുകള്‍ നടന്ന സമയം ദിവസങ്ങളോളം ഇന്ധനത്തിന് വില കൂടിയിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന്റെ പിറ്റേദിവസം മുതല്‍ വില കുതിച്ചുയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയിലിന് വില കുത്തനെ കുറഞ്ഞാലും ഇന്ത്യക്കാര്‍ക്ക് ഗുണം കിട്ടാത്ത തരത്തില്‍ നികുതി കൂട്ടി ജനങ്ങളെ കൊള്ള ചെയ്യാനാണ് കേന്ദ്രത്തില്‍ മോദിയുടെയും സംസ്ഥാനത്ത് പിണറായിയുടെയും ഭരണകൂടങ്ങള്‍ മത്സരിക്കുന്നത്.ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണ സംസ്‌ക്കരിച്ച് ഇന്ധനമാക്കാനുള്ള ചെലവും പെട്രോള്‍, ഡീസല്‍ ഡീലര്‍മാര്‍ക്കുള്ള കമ്മീഷനും ചരക്കുനീക്കത്തിന്റെ തുകയും ഉള്‍പ്പെടെ പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വില 35 രൂപക്ക് താഴെയാണ്. ശേഷിക്കുന്ന തുക മുഴുവനും നികുതിയാണ്. ഒരു ലിറ്ററില്‍ എക്‌സൈസ് ഡ്യൂട്ടിയായി 1.40 രൂപയും സ്‌പെഷല്‍ ഡ്യൂട്ടിയായി 11 രൂപയും റോഡ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സെസ് ഇനത്തില്‍ 18 രൂപയും അഗ്രികള്‍ച്ചര്‍ ആന്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് സെസ് ഇനത്തില്‍ 2.50 പൈസയും ഉള്‍പ്പെടെ 32.50 രൂപയാണ് കേന്ദ്രം ഈടാക്കിയിരുന്നത്. സംസ്ഥാനവും ഒട്ടും മോശമല്ല. ഒരോ ലിറ്ററിലും 22.71 രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ കുമിഞ്ഞുകൂടുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലോ കമ്പനികളുടെ വില നിയന്ത്രണമോ അല്ല ഇന്ധന വിലവര്‍ദ്ധനവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ലാഭക്കൊതിയാണ് വില വര്‍ധനവിന്റെ അടിസ്ഥാനം. പെട്രോളിന് 258 ശതമാനവും ഡീസലിന് 828 ശതമാനവും നികുതി വര്‍ദ്ധനവാണ് അടിച്ചേല്‍പിച്ചിട്ടുള്ളത്. ജി.എസ്.ടി പരിധിയില്‍ 28 ശതമാനമാണ് നികുതി വ്യവസ്ഥ. ജി.എസ്.ടിയില്‍ ഉള്‍പെടുത്തിയാല്‍ പെട്രോള്‍ 75 രൂപക്കും ഡീസല്‍ 67 രൂപക്കും കിട്ടാനുള്ള സാഹചര്യം ഉണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. സൗമ്യ കാന്ത് ഘോഷ് ഉള്‍പ്പെടെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തങ്ങളുടെ ലാഭത്തില്‍ കുറവ് വരുമെന്നതിനാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതിനെതിരെ കൈകോര്‍ത്തത്.
ഇന്ത്യയില്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍പോലും ഇന്ധന വില വര്‍ധനവില്‍ മുതുകൊടിഞ്ഞ സാധാരണക്കാരനൊപ്പം നില്‍ക്കാന്‍ ഒട്ടും താല്‍പര്യമില്ല. കേന്ദ്രം ഈടാക്കുന്ന എക്‌സൈസ് നികുതി ഒഴികെ മറ്റുള്ളവയില്‍ തങ്ങള്‍ക്ക്കൂടി വിഹിതം കിട്ടുന്നില്ലെന്ന വിലാപമാണ് ഇടതു മന്ത്രിമാര്‍ നടത്തികൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലയളവില്‍ 619.17 കോടിയുടെ അധിക നികുതി വേണ്ടന്ന് പ്രഖ്യാപിച്ചതു പോലെയുള്ള ആശ്വാസ നടപടിക്കും പിണറായി സര്‍ക്കാര്‍ മുതിരുന്നില്ല. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരും വംഗനാട്ടില്‍ മമതബാനര്‍ജിയും തീരുവ കുറച്ചത് കാണാതെ യു.പിയിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകളുടെ അധികനികുതിയെ കുറിച്ച് വാചാലരാവാനാണ് സഖാക്കള്‍ മത്സരിച്ചത്. ഓരോ ലിറ്ററിലും തങ്ങള്‍ക്ക് കിട്ടുന്ന 23 രൂപയില്‍നിന്ന് നിശ്ചിത തുക കുറച്ചോ അധിക നികുതി ഈടാക്കാതെയോ മാതൃക തീര്‍ത്ത് മോദി വിരുദ്ധ മുന്നേറ്റത്തിന് ഇന്ധനം പകരുന്നതിന് പകരം ഊറ്റല്‍ പക്ഷമായി നിലകൊള്ളാനാണ് ഇടതുപക്ഷവും ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനുപുറമെ മറ്റു പല സംസ്ഥാനങ്ങളും വാറ്റ് നികുതികൂടി കുറച്ചതോടെ ലിറ്ററില്‍ 15 രൂപയുടെ കുറവാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മാഹിയില്‍ പോലും ഇന്ധന വിലയില്‍ ഗണ്യമായ മാറ്റം കാണുമ്പോള്‍ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്ധന നികുതി കൊടുക്കേണ്ടി വരുന്നത്. ഒരു രൂപ പോലും കുറക്കേണ്ടതില്ലന്നും പോക്കറ്റടി തുടരാന്‍ സംസ്ഥാന സര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുമെന്ന സി. പി.എമ്മിന്റെ തീരുമാനം കേട്ട അന്ധാളിപ്പിലാണ് മലയാളികള്‍. ഇന്ധന നികുതിയില്‍ സംസ്ഥാനത്തിന് അവിഹിതമായി ഒന്നും കിട്ടുന്നില്ലെന്നാണ് ഇടതുപക്ഷം പ്രചരിപ്പിച്ചത്. കേരളത്തിന്റെ ഏക വരുമാനം ഇന്ധന നികുതിയാണെന്നും അത് കുറയ്ക്കാന്‍ പറ്റില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ ഇവരുടെ തനിനിറം മലയാളികള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.
യു.പി.എ ഭരണകാലയളവില്‍ കാളവണ്ടി കയറിയവരും ചട്ടിയും കലവുമായി കുടുംബ സമേതം റോഡില്‍ അടുപ്പുകൂട്ടി സമരം നടത്തിയവരും ചീറിപ്പാഞ്ഞു നടന്ന ഡിഫിക്കാരുമെല്ലാം സമാധാന സമരത്തിന്റെ അംബാസിഡര്‍മാരായി മലക്കംമറിയുന്ന കാഴ്ച വരെ കേരളീയര്‍ കണ്ടു. ഇന്ധന നികുതി താങ്ങാനാവാതെ മത്സ്യമേഖലയും കൃഷി മേഖലയും മോട്ടോര്‍ വ്യവസായ മേഖലയും വലിയ തിരിച്ചടികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. രൂക്ഷമായ വിലക്കയറ്റത്തിലേക്കും തൊഴിലില്ലായ്മയിലേക്കും രാജ്യം വഴുതി വീഴുമെന്ന അവസ്ഥയിലാണ്. കോവിഡില്‍ തൊഴിലും വരുമാനവും നിലച്ച ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിടുന്ന മോദിയുടെയും പിണറായിയുടെയും സമീപനങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ആളിപ്പടരേണ്ടതുണ്ട്. ലാഭത്തില്‍നിന്ന് കേന്ദ്ര ഭരണകൂടം വെച്ചു നീട്ടുന്ന ചില്ലറ ഇളവുകള്‍ കൊണ്ട് ഇന്ധന വിലവര്‍ധനവിന് ശാശ്വതപരിഹാരമാവില്ല. യു.പി.എ ഭരണകാലത്തെ നികുതി വ്യവസ്ഥ പുന:സ്ഥാപിക്കല്‍ മാത്രമാണ് കരണീയം.