X

ക്ലബുകളെ ഞെട്ടിച്ച് ഫിഫ പിന്തുണയില്‍ താരങ്ങളെ വിലക്കി രാജ്യങ്ങള്‍

ലണ്ടന്‍: ക്ലബുകളെ അങ്ങനെയങ്ങ് വിടില്ല രാജ്യങ്ങള്‍. രാജ്യത്തിനായി കളിക്കാന്‍ താരങ്ങളെ വിടില്ലെങ്കില്‍ ക്ലബിനായി കളിക്കാന്‍ താരങ്ങളെയും അനുവദിക്കില്ല എന്ന നിലപാടിലാണ് ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. പോയ വാരത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കളിക്കാന്‍ ബ്രസീല്‍ താരങ്ങളെ അനുവദിക്കാതിരുന്ന പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് ഫിഫയുടെ പിന്തുണയില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ബ്രസീലും ചിലിയും മെക്‌സിക്കോയും. ക്ലബ് തടഞ്ഞ താരങ്ങളെ താല്‍കാലികമായി ക്ലബ് തലത്തില്‍ വിലക്കാന്‍ ഫിഫ പിന്തുണയില്‍ അതത് രാജ്യങ്ങള്‍ രംഗത്ത്് വന്നതോടെ രാജ്യം-ക്ലബ് തര്‍ക്കം ചൂടുപിടിക്കുന്നു. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിലപാട് ശക്തമാക്കിയതോടെ ബ്രസീലുകാരായ എട്ട് പ്രീമിയര്‍ ലീഗ് താരങ്ങള്‍ക്ക് ഈയാഴ്ച്ച ഒടുവിലെ ക്ലബ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ സ്വന്തം രാജ്യത്തിനായി കളിക്കാന്‍ ക്ലബുകള്‍ വിലക്കിയ താരങ്ങള്‍ക്കാണ് ഫിഫയുടെ ഇടപെടലില്‍ ബ്രസീല്‍ ഫുട്‌ബോള്‍ അധികാരികള്‍ കുരുക്കിട്ടത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലീഡ്‌സ് യുനൈറ്റഡ് എന്നി ക്ലബൂകള്‍ക്കായി കളിക്കുന്ന ബ്രസീലുകാര്‍ക്കാണ് വിലക്ക്. പോയ വാരത്തില്‍ ലാറ്റിനമേരിക്കയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കളിച്ച ബ്രസീല്‍ സംഘത്തില്‍ പ്രീമിയര്‍ ലീഗ് താരങ്ങളാരുമുണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമായിരുന്നു ഇവരെ ക്ലബുകള്‍ തടഞ്ഞത്. ഇത് കൂടാതെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്ത ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളിലെ താരങ്ങള്‍ക്കും പ്രീമിയര്‍ ലീഗ് നഷ്ടാവും. ഇവരെല്ലാം ഇംഗ്ലണ്ടിലെ ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഇത് കൂടാതെ ചെല്‍സിയുടെ ബ്രസീലുകാരനായ ഡിഫന്‍ഡര്‍ തിയാഗോ സില്‍വ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡ് എന്നിവര്‍ക്ക് അടുത്ത ചൊവ്വാഴ്ച്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മല്‍സരങ്ങളിലും കളിക്കനാവില്ല. എന്നാല്‍ ബ്രസീല്‍ ഫുട്‌ബോള്‍ അധികാരികള്‍ എവര്‍ട്ടണ്‍ താരം റിച്ചാര്‍ലിസണോട് കരുണ കാട്ടിയതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ ഈയാഴ്ച്ചയിലെ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ നിന്ന് വിലക്കുന്നില്ല. അതിന് കാരണമായി പറയപ്പെടുന്നത് റിച്ചാര്‍ലിസണെ ബ്രസീല്‍ ആവശ്യപ്പെട്ടപ്പോള്‍ ഒളിംപിക്‌സിനായി ക്ലബ് നല്‍കിയിരുന്നു എന്നതാണ്. ബ്രസീല്‍ വിലക്ക് കാര്യമായി ബാധിക്കുക ലിവര്‍പൂളിനെയായിരിക്കും. റോബര്‍ട്ടോ ഫിര്‍മിനോ, ഫാബിഞ്ഞോ, അലിസണ്‍ ബേക്കര്‍ എന്നിവര്‍ക്കാണ് കളി നഷ്ടമാവുക. മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ ഗബ്രിയേല്‍ ജീസസ്, എഡേഴ്‌സണ്‍, ലീഡ്‌സ് യുനൈറ്റഡിന്റെ റാഫിഞ്ഞ എന്നിവരും പുറത്തിരിക്കേണ്ടി വരും. ബ്രസീല്‍ താരങ്ങള്‍ക്ക് മാത്രമായിരുന്നു ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ വിലക്ക് കല്‍പ്പിച്ചത്. മെക്‌സിക്കോ, പരാഗ്വേ, ചിലി താരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഈ രാജ്യങ്ങളും സ്വന്തം താരങ്ങള്‍ക്കെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് താരങ്ങളെ വിട്ടുനല്‍കാത്ത ക്ലബ് നിലപാടില്‍ നേരത്തെ ഫിഫ പ്രസിഡണ്ട് ജിയാവനി ഇന്‍ഫാന്‍ഡിനോ അരിശം പ്രകടിപ്പിച്ചിരുന്നു.

 

 

Test User: