X
    Categories: MoreViews

ഒടുവില്‍ കുട്ടീഞ്ഞോ ബാര്‍സയിലേക്ക് വണ്ടി കയറി

 

ലണ്ടന്‍: ലിവര്‍പൂള്‍ മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോ സ്പാനിഷ് വമ്പന്‍മാരായ ബാര്‍സലോണയിലേക്ക് ചേക്കേറിയെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സ്പാനിഷ് മാധ്യമമാണ് ബ്രസീലിയന്‍ താരത്തെ സംബന്ധിച്ച കൈമാറ്റകാര്യത്തില്‍ ഇരു ക്ലബുകളും തീരുമാനത്തിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കുട്ടീഞ്ഞോയുടെ നിലവിലെ ക്ലബായ ലിവര്‍പൂള്‍ വാര്‍ത്ത ഇതുവരെ നിഷേധിക്കാത്തതും ശ്രദ്ധേയമാണ്.

160 ദശലക്ഷം പൗണ്ടിനാണ് ലിറ്റില്‍ മജീഷ്യന്‍ എന്നറിയപ്പെടുന്ന കുട്ടീഞ്ഞോയെ ബാര്‍സ സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സത്യമാണെങ്കില്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ താരമാകും കുടിഞ്ഞോ.

കഴിഞ്ഞ സമ്മര്‍ താരമാറ്റ ജാലകത്തില്‍ ബാര്‍സയെ ഉപേക്ഷിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്യ്മര്‍ ജൂനിയര്‍ 222 ദശലക്ഷം പൗണ്ടിന് പി.എസ്.ജിയിലേക്ക് ചേക്കേറിയതാണ് നിലവിലെ ഏറ്റവും വിലകൂടിയ താരകൈമാറ്റം. അടുത്തവാരം ലാലീല്‍ സ്വന്തം തട്ടകത്തില്‍ ലെവന്റയെ നേരിടുന്ന അന്ന് താരത്തെ ബാര്‍സ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മധ്യനിര താരം ആന്ദ്ര ഇനിയേസ്റ്റയുടെ പകരകാരനായാണ് കുട്ടീഞ്ഞോയെ ബാര്‍സ കാണുന്നത്. മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോയും പെനാല്‍ട്ടി ബോക്‌സിനു പുറത്തു നിന്ന് ലോങ് റേഞ്ചിലൂടെ ഗോള്‍ നേടാനുള്ള കഴിവും താരത്തിന്റെ പ്രതേകതയാണ്.

നെയ്മറിനു പകരമായി ഡെംബലയേയും പൗളീഞ്ഞോയും ടീമിലെത്തിച്ചെങ്കിലും കഴിഞ്ഞ ട്രാന്‍സ്ഫറില്‍ തന്നെ കുട്ടീഞ്ഞോയേയും ക്ലബിലെത്തിക്കാന്‍ ബാര്‍സ കിണഞ്ഞു ശ്രമിച്ചെങ്കിലും ലിവര്‍പൂള്‍ താരത്തെ വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം എഫ്.എ കപ്പില്‍ എവര്‍ട്ടണെ പരാജയപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ലിവര്‍പൂള്‍ പരിശീലകന്‍ യുറുഗന്‍ ക്ലോപ് സിറ്റിക്കെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ കുടിഞ്ഞോയുണ്ടാവുമെന്ന് അറിയിച്ചിരുന്നു. അതേസമയം കുട്ടീഞ്ഞോക്കു പകരമായി ലെസിസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹാറാസിനായി ലിവര്‍പൂള്‍ രംഗത്തുണ്ടെന്നും ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തു.

chandrika: