ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ നിര്‍ണായകമായേക്കാവുന്ന ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അറിഞ്ഞു തുടങ്ങി.
രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനൂകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി എങ്കില്‍ പഞ്ചാബ് നേടാനാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നീക്കങ്ങളെ കുറിച്ചുള്ള കൂടിയാലോചനകള്‍ ആംആദ്മി പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ സര്‍വേ സാധ്യകള്‍ക്ക് അപ്പുറമുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. ഫലം പുറത്തു വരും മുമ്പേ എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സംഘത്തെ കോണ്‍ഗ്രസ് അയച്ചിട്ടുണ്ട്. ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ തൂക്കു നിയമസഭ വന്നാല്‍ ഇത് അനൂകൂലമാക്കാനാണ് സംഘം എത്തുന്നത്. യു.പി, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഫലം അനുകൂലമാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും ബിജെപി തുടങ്ങിയിട്ടുണ്ട്.
വലിയ ആത്മവിശ്വാസം പ്രകടപ്പിക്കുമ്പോഴും ഗോവ, ഉത്തരാഖണ്ഡ്, യു.പി എന്നീ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയ്ക്കും അങ്കലാപ്പുണ്ട്. യു.പിയില്‍ ഭരണം പിടിക്കാമെന്ന ആത്മ വിശ്വാസം എസ്.പി ക്യാമ്പിലും ഉണ്ടെന്നത് വോട്ടെണ്ണലിനെ ഉദ്വേഗജനകമാക്കുന്നുണ്ട്. ഇതിനിടെ ഗോവയില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മണിപ്പൂരില്‍ ഇത്തവണ ഭരണം നിലനിര്‍ത്തുമെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ ഇത്തവണ ഭരണം പിടിക്കാനാവുമെന്ന് കോണ്‍ഗ്രസും എന്‍.പി.പിയും ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. യു.പി, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും പഞ്ചാബില്‍ കോണ്‍ഗ്രസുമാണ് നിലവിലെ ഭരണ കക്ഷികള്‍.