തനിക്കെതിരായ വ്യാജ മയക്കുമരുന്ന് കേസ് റദ്ദാക്കിയ ഹൈകോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് ഷീല സണ്ണി മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് കണ്ടെത്തണം. കുടുംബം ഒറ്റക്കെട്ടായി ഒപ്പമുണ്ടായതിനാലാണ് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാറ്റിലും ഉപരി ജാമ്യത്തിലിറക്കാന്‍ ഏറെ ശ്രമിച്ച അഡ്വ. നിബിന്‍ കരീമിനോട് നന്ദിയുണ്ട്. 72 ദിവസത്തിലേറെ അന്യായമായി തടങ്കലില്‍ കഴിയേണ്ടിവന്നതിനാല്‍ ഇപ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സ്ഥിതിയാണ്.
സ്വന്തം ജോലി ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹം. പാര്‍ലര്‍ ആരംഭിക്കാനാണ് ഇനിയത്തെ ശ്രമം. അതിനായി മലപ്പുറത്തെ തണല്‍ ചാരിറ്റബിള്‍ സംഘടനയടക്കം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷീല സണ്ണി പറഞ്ഞു.