കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു ഇന്ന് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഇന്നലെ രഹസ്യമൊഴി നല്‍കിയിരുന്നില്ല. ഇന്ന് രാവിലെ ഡോക്ടറെ കണ്ടതിനു ശേഷം കോടതിയിലെത്തി മൊഴി നല്‍കുമെന്നാണ് സൂചന. കൗണ്‍സിലറുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകളാണ് സിപിഎം നേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്നത്.
രഹസ്യ മൊഴി നല്‍കിയതിനു ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. കലാ രാജുവിനെ തട്ടിക്കൊണ്ടു പോയതിനു ശേഷം മര്‍ദിച്ചെന്ന കേസില്‍ സിപിഎം ഏരിയ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവരടക്കം നാല് പേര്‍ മാത്രമാണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തില്‍ സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍, വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ്, കൗണ്‍സിലര്‍ സുമ വിശ്വംഭരന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി ഫെബീഷ് ജോര്‍ജ് എന്നിവരടക്കം കണ്ടാലറിയാവുന്ന 45 പേര്‍ക്കെതിരെയാണ് കേസ്. സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍, പാര്‍ട്ടി പ്രവര്‍ത്തകരായ ടോണി, റിന്‍സ്, സജിത്ത് എന്നിവരെയാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.