X

കൂടുതൽ ഉത്തരവാദിത്തം കാണിക്കാമായിരുന്നു’; കുസാറ്റ് ദുരന്തത്തിൽ സംഘാടന വീഴ്ച സമ്മതിച്ച് വി സി

കുസാറ്റ് അപകടത്തിലെ സംഘാടന വീഴ്ച സമ്മതിച്ച് വി സി പി.ജി ശങ്കരന്‍. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതില്‍ പാളിച്ച സംഭവിച്ചു. അത് തിരക്കിന് വഴിവെച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആള്‍കൂട്ടം പരിപാടി കാണാനെത്തി. അധ്യാപകര്‍ ഉള്‍പ്പെടെ സംഘാടക സമിതിയില്‍ ഉണ്ടായിരുന്നു. സംഘാടകര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.

പൊലീസിനോട് വക്കാല്‍ പറഞ്ഞിരുന്നു. ഓദ്യോഗികമായി അറിയിച്ചോയെന്ന് പരിശോധിക്കും. തിക്കും തിരക്കും, കുത്തനെയുള്ള ഇറക്കവുമാണ് അപകടകാരണം. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. സിന്റിക്കേറ്റ് ഉപമസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.

കുസാറ്റില്‍ പരിപാടി കാണാന്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്നാണ് വി സി നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. പ്രോഗ്രാം തുടങ്ങുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാന്‍ പുറത്ത് തടിച്ചു കൂടിയിരുന്നു.

പരിപാടി തുടങ്ങാറായപ്പോള്‍ എല്ലാവരും അകത്തേക്ക് കയറുവാന്‍ ശ്രമിച്ചു. പ്രോഗ്രാം തുടങ്ങാറായപ്പോള്‍ മഴ ചാറി തുടക്കുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു. അപ്പോള്‍ സ്റ്റെപ്പില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വീഴുകയും മറ്റുള്ളവര്‍ അവരുടെ മീതെ വീഴുകയും ചെയ്തു. ഈ വീഴ്ചയുടെ ഭാഗമായി കുട്ടികള്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരില്‍ മൂന്ന് പേര്‍ കുസാറ്റ് വിദ്യാര്‍ഥികളാണ്. ഒരാള്‍ പുറത്ത് നിന്നുള്ള ആളാണ്. രണ്ടു വിദ്യാര്‍ഥികള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളുടെ ചികിത്സാചെലവ് സര്‍വകലാശാല വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തില്‍ സംഘടകരുടെയും കോളജ് അധികൃതരുടെ മൊഴിയെടുക്കും. ഒദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്നും തിക്കും തിരക്കും കണ്ടാണ് ഒരു ജീപ്പ് പൊലീസിനെ വിന്യസിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

webdesk13: