ചിറ്റൂര്‍ റേഞ്ചില്‍ എക്‌സൈസ് വകുപ്പ് പരിശോധനക്കയച്ച കള്ളിന്റെ സാമ്പിളില്‍ കഫ് സിറപ്പിന്റ സാന്നിധ്യം കണ്ടെത്തി. കാക്കനാട് ലാബില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് കഫ് സിറപ്പിലെ ബനാട്രില്‍ കള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലൈസന്‍സിക്കും രണ്ട് വിതരണക്കാര്‍ക്കുമെതിരെ കേസെടുത്തു. വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
വീര്യം കൂടാനാണ് കള്ളില്‍ ഇത്തരം പദാര്‍ത്ഥം ചേര്‍ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളില്‍ നിന്നുള്ള കള്ള് പരിശോധനക്കയക്കുകയും പാലക്കാട് ജില്ലയിലെ മറ്റ് ഷാപ്പുകളിലും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് ഒരേ ലൈസന്‍സിക്ക് കീഴിലെ രണ്ട് ഷാപ്പുകളിലെ കള്ളില്‍ ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയത്.
സെപ്റ്റംബറില്‍ നല്‍കിയ സാമ്പിള്‍ ഫലമാണ് കഴിഞ്ഞയാഴ്ച ലഭിച്ചത്. റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ ലൈസന്‍സ് റദ്ദാക്കി ഷാപ്പുകള്‍ പൂട്ടണമെന്നാണ് വ്യവസ്ഥ. കള്ളില്‍ സ്പിരിറ്റ്, സ്റ്റാര്‍ച്ച് സാക്രിന്‍, സോപ്പ് ലായനി, ഷാംപൂ എന്നിവ മുമ്പ് കണ്ടെത്തിയിരുന്നു.