കണ്ണൂര്‍: വടകരയിലെ സിപി.എമ്മിന്റെ വിമത സ്ഥാനാര്‍ത്ഥി സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എം.എല്‍.എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സി.ഐ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് ലക്ഷ്യമിടുന്നത്. തന്നെ വധിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ ഷംസീറിന്റെ ഗൂഢാലോചനയാണെന്ന് നസീര്‍ നിരവധി തവണ പൊലീസിന് മൊഴി നല്‍കിയിരുന്നു.
കേസ് അന്വേഷണം സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ.രാഗേഷില്‍ എത്തി നില്‍ക്കുകയാണ്. താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് രഗേഷ് മൊഴി നല്‍കിയിട്ടുണ്ട്. എ.എന്‍.ഷംസീര്‍ എം.എല്‍.എയുമായി രാഗേഷ് ഫോണില്‍ സംസാരിച്ചതിന് തെളിവുണ്ട്. എന്നാല്‍ നേരത്തെ തന്നെ ഇരുവരും പരിചയക്കാരായിരുന്നു എന്നതിനാല്‍ ഗൂഢാലോചനയിലേക്ക് എത്താനായില്ല.
പക്ഷേ നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. നസീര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്പീക്കറെ ഇക്കാര്യം അറിയിച്ചതിന് ശേഷം എത്രയും പെട്ടന്ന് നോട്ടിസ് നല്‍കും. പൊട്ടിയന്‍ സന്തോഷും രാഗേഷും ഗൂഢാലോചന നടത്തിയ വാഹനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.