വിലയേറിയ ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശ്രമം വിജയം കണ്ടു. പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ ദൂരെയുള്ള ലക്ഷദ്വീപ് ദ്വീപുകളിൽ ഒന്നിൽ നിന്ന് 48 വയസ്സുള്ള ഒരു ഗുരുതരാവസ്ഥയിലുള്ള രോഗിയെ കോസ്റ്റ്ഗാർഡ് വിജയകരമായി കൊച്ചിയിലെത്തിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അഭ്യർത്ഥനപ്രകാരം,വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയെ അതിജീവിച്ച് കൊച്ചിയിൽ നിന്നുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘം വേഗത്തിലുള്ള മെഡിക്കൽ ഒഴിപ്പിക്കൽ നടത്തി.
രോഗിക്ക് മസ്തിഷ്‌കാഘാതമുണ്ടെന്നും അബോധാവസ്ഥയിലാണെന്നും , ആൻഡ്രോത്തിലുള്ള ഗവൺമെന്റ് ഹോസ്പിറ്റൽഅറിയിച്ചതിനെത്തുടർന്ന് രോഗിയെ ആൻഡ്രോത്തിൽ നിന്ന് അഗത്തിയിലേക്കും (170 കിലോമീറ്റർ) അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കും (450 കിലോമീറ്റർ) മാറ്റേണ്ടി വരികയായിരുന്നു. വിവരം ലഭിച്ച കൊച്ചിയിലെ കോസ്റ്റ് ഗാർഡ് എയർ എൻക്ലേവിലുള്ള ഒരു കോസ്റ്റ് ഗാർഡ് മെഡിക്കൽ സംഘം ടേക്ക്ഓഫിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുമായി ദ്വീപിലെത്തി
കനത്ത മഴയെ തുടർന്ന് കവരത്തിയിലും ആൻഡ്രോത്തിലുമുള്ള കോസ്റ്റ് ഗാർഡ് അധികൃതർ രോഗിയെ സുരക്ഷിതമായി ഒഴിപ്പിക്കുന്നത് ഏകോപിപ്പിക്കുകയും തുടർന്ന് കോസ്റ്റ് ഗാർഡ് ഡോർനിയറിൽ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് രോഗിയെ കയറ്റി അയക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് സംഘം 900 കിലോമീറ്റർ ദൂരം തീവ്രമായ കാലാവസ്ഥയിലും രോഗിക്ക് ആവശ്യമായ വൈദ്യസഹായം നൽകി സുരക്ഷിതമായി കൊച്ചിയിലെത്തിച്ചു.രോഗിയെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.