ഷംസീര്‍ കേളോത്ത്
ന്യുഡല്‍ഹി: ദേശീയ-അന്തര്‍ദേശീയ കമ്പോളങ്ങളില്‍ നിരോധിത ഉല്‍പ്പന്നമായ ഷാതുശ് പുതപ്പുകളുമായി ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിദേശ വനിതകള്‍ പിടിയില്‍. വ്യാഴായ്ച്ചയാണ് വ്യോമയാന രഹസ്യാന്യേഷണ വിഭാഗവും ഐജിഐ കസ്റ്റംസും സംയുക്തമായുള്ള നീക്കത്തിനൊടുവില്‍ ചൈനീസ് പാസ്‌പ്പോര്‍ട്ട് കൈവശമുള്ള രണ്ട് യുവതികളെ അറസ്റ്റ് ചെയ്തത്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ വിശദ പരിശോധനക്ക് വിധേയരാക്കുകയായിരുന്നുവെന്ന് കസ്റ്റംസ് പത്രക്കുറിപ്പില്‍ പറഞ്ഞു. പരിശോധനയില്‍ 45 ലക്ഷം വിലമതിക്കുന്ന 15 ഷാതുശ് പുതപ്പുകള്‍ കണ്ടെടുത്തു. കിഴക്കന്‍ ചൈന എംയു 564 വിമാനത്തില്‍ ഷാംഗ്ഹായ് നഗരത്തിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു യുവതികള്‍.
വംശനാശ ഭീഷണി നേരിടുന്ന ടിബറ്റന്‍ ആന്റെലോപ് അഥവാ ചിരു വിഭാഗത്തില്‍ പെടുന്ന മാനുകളുടെ മുടി ഉപയോഗിച്ചാണ് ഷാതുശ് പുതപ്പുകള്‍ നിര്‍മ്മിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ ‘പുതപ്പുകളുടെ രാജാവ്’ എന്നര്‍ത്ഥം വരുന്ന ഷാതുശ് പുതപ്പുകള്‍ക്ക് പാശ്ചാത്യ നാടുകളില്‍ വന്‍തോതില്‍ ആവശ്യക്കാരുണ്ട്. ഒരു പുതപ്പിന് 5000 മുതല്‍ 6000 ഡോളര്‍ (എകദേശം മൂന്ന് – നാല് ലക്ഷം ഇന്ത്യന്‍ രൂപ) വരെ വില ലഭിക്കുന്നതായാണ് വിവരം. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം സംരക്ഷിത മൃഗമാണ് തിബറ്റന്‍ ചിരുകള്‍. യുഎസ്എ, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ നിയമം വഴി ഷാതുശ് പുതപ്പുകളുടെ കച്ചവടം നിരോധിച്ചിട്ടുണ്ട്