തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭമുണ്ടാകുമെന്ന് വീണ്ടും മുന്നറിയിപ്പ്. ഇന്ന് രാത്രിവരെ ദേശീയ സമുദ്രഗവേഷണകേന്ദ്രം ജാഗ്രാതാ നിര്‍ദേശം നല്‍കി. ഇന്ന് രാത്രി 11.30 വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഞായറാഴ്ച രാത്രി 11.30 വരെയായിരുന്നു കഴിഞ്ഞദിവസം നല്‍കിയ ജാഗ്രതാ നിര്‍ദേശം.
മൂന്നു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കു സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവരും സഞ്ചാരികളും തീരക്കടലില്‍ മല്‍സ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് 2.53 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലാണ് കടലാക്രമണ സാധ്യത കൂടുതല്‍.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരമേഖലകളില്‍ വ്യാപകമായ നാശനഷ്ടമാണു കടല്‍ക്ഷോഭം മൂലമുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരത്ത് ഇന്നലെ മാത്രം 10 വീടുകള്‍ തകര്‍ന്നു. നൂറോളം വീടുകള്‍ അപകട ഭീഷണിയിലാണ്.