അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുള്‍പ്പടെയുള്ള അനധികൃത കുടിയേറ്റക്കാരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ സന്നദ്ധത അറിയിച്ച് കോസ്റ്റാറിക്ക. കുടിയേറ്റക്കാരെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കാന്‍ തയ്യാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. അതോടൊപ്പം കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന നടപടിക്ക് അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കോസ്റ്ററീക്ക പ്രസിഡന്‍ഷ്യല്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഗ്വാട്ടിമലയ്ക്കും പനാമയ്ക്കും പിന്നാലെയാണ് കോസ്റ്റാറിക്കയും ഇന്ത്യയില്‍ നിന്നും മധ്യേഷ്യയില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താത്കാലിക അഭയമൊരുക്കാന്‍ സന്നദ്ധത അറിയിച്ചത്. ഇതുപ്രകാരം ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള 200 കുടിയേറ്റക്കാരെ യാത്രാ വിമാനത്തില്‍ ബുധനാഴ്ച കോസ്റ്റാറിക്കയില്‍ എത്തിക്കും.
കുടിയേറ്റക്കാരെ കോസ്റ്ററീക്കയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്നവരെ അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ നിയന്ത്രണത്തിലാകുമെന്നാണ് വിവരം. യുഎസ് വിമാനത്തിലാണ് ഇവരെ കോസ്റ്റാ റീക്കയിലെത്തിക്കുക. തുടര്‍ന്ന് കുടിയേറ്റക്കാരെ ആദ്യം പാനമ അതിര്‍ത്തിക്കടുത്തുള്ള ഒരു താല്‍ക്കാലിക മൈഗ്രന്റ് കെയര്‍ സെന്ററിലേക്കും പിന്നീട് അവരവരുടെ ജന്മദേശങ്ങളിലേക്ക് അയക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പൂര്‍ണമായും അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.