ഗസ: ഹാമാസ് നിയന്ത്രണത്തിലുള്ള ഗസ മുനമ്പില്‍ ഇസ്രാഈല്‍ നടത്തിയ നരവേട്ടയില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രാഈല്‍ സേന കര, വ്യോമ ആക്രമണങ്ങള്‍ നടത്തിയത്.
ദക്ഷിണ നഗരമായ ഖാന്‍യൂസുഫില്‍ സിവിലിയന്‍ വാഹനത്തില്‍ രഹസ്യമായി പ്രവേശിച്ച ഇസ്രാഈലി കമാന്റോകള്‍ ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ഏഴു പേരില്‍ ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസം ബ്രിഗേഡിന്റെ പ്രമുഖ കമാന്ററായ നൂര്‍ ബരാകയും ഉള്‍പ്പെടും. ഫലസ്തീനികളെ കൊലപ്പെടുത്തിയ കമാന്റോകളെ സുരക്ഷിതമായി ഇസ്രാഈലിലേക്ക് മടക്കി കൊണ്ടു വരുന്നതിനായാണ് ഉടന്‍ തന്നെ വ്യോമാക്രമണം നടത്തിയതെന്ന് മുതിര്‍ന്ന ഹമാസ് വക്താവ് അറിയിച്ചു. ഇസ്രാഈല്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കടന്നാണ് ഇസ്രാഈലി കമാന്റോസ് ഹമാസ് കമാന്ററെ കൊലപ്പെടുത്തിയത്. കമാന്റോസിനെ സുരക്ഷിതമായി ഇസ്രാഈല്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നതിനായി നടത്തിയ വ്യോമാക്രമണത്തിലാണ് ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്.
ഗസ മുനമ്പില്‍ അതിക്രമിച്ച് കയറി കരമാര്‍ഗമുള്ള ഇസ്രാഈല്‍ ആക്രമണം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കും. 40 ഓളം മിസൈലുകളാണ് മേഖലയില്‍ ഇസ്രാഈല്‍ വര്‍ഷിച്ചതെന്ന് ഹമാസ് നേതാവ് ഗാസി ഹമീദ് അറിയിച്ചു. ഇസ്രാഈലിന്റേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു. അതേ സമയം ഹമാസ് നടത്തിയ തിരിച്ചടിയില്‍ ഒരു ഇസ്രാഈല്‍ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് പരിക്കേറ്റതായും ഇസ്രാഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിന് പിന്നാലെ ദക്ഷിണ ഇസ്രാഈലില്‍ ഹമാസ് റോക്കറ്റുകള്‍ വിക്ഷേപിക്കുമെന്ന മുന്നറിയിപ്പ് സൈറണുകള്‍ നിരവധി തവണ മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഗസയില്‍ നിന്നും ഇസ്രാഈലിനു നേരെ 17 റോക്കറ്റുകള്‍ വിക്ഷേപിച്ചതായും ഇതില്‍ രണ്ടെണ്ണം ഇസ്രാഈലി സേനയുടെ മിസൈല്‍ പ്രതിരോധ കവചം നിര്‍വീര്യമാക്കിയതായും സൈന്യം അവകാശപ്പെട്ടു. ഇസ്രാഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഇതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനായാണ് ഹമാസിനെതിരെ ആക്രമണം അഴിച്ചു വിട്ടതെന്നതും ശ്രദ്ധേയമാണ്.