X
    Categories: indiaNews

അഴിമതി; ബി.ജെ.പി എം.എല്‍.എക്ക് തടവുശിക്ഷ

ഐസ്വാള്‍: മിസോറമിലെ ഏക ബി.ജെ.പി എം.എല്‍. എ അഴിമതിക്കേസില്‍ ജയിലിലേക്ക്. ഐസ്വാളിലെ പ്രാദേശിക കോടതിയാണ് എം.എല്‍.എ ബുദ്ധ ധന്‍ ചക്മ അടക്കം 13 പേര്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചത്. 10 വര്‍ഷം പഴക്കമുള്ള അഴിമതിക്കേസിലാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

ചക്മ ജില്ലാ കൗണ്‍സിലിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 137.10 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. വിവിധ വികസന പ്രവൃത്തികള്‍ക്കു വേണ്ടി അനുവദിച്ച ഫണ്ടായിരുന്നു സാലറി അഡ്വാന്‍സായി ഇവര്‍ സ്വന്തമാക്കിയത്. ഗവര്‍ണറുടെ അനുമതി കൂടാതെയായിരുന്നു നടപടി. 49കാരനായ ബുദ്ധ ധന്‍ ചക്മയ്ക്കു പുറമെ ജില്ലാ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് അംഗം ബുദ്ധ ലീല ചക്മയും കേസില്‍ പ്രതിയാണ്. രണ്ട് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മൂന്ന് മുന്‍ അംഗങ്ങള്‍ എന്നിവരടക്കമാണ് 13 പേരെ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്ക് 10,000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

ഒന്‍പതു വര്‍ഷം മുന്‍പ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിലവില്‍ അധ്യക്ഷനുമായ വനലാല്‍മുവാക്കയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. 2013ലാണ് ബി.ജെ.പി നേതാവ് അഴിമതി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. പരാതിയെ തുടര്‍ന്ന് ഗവര്‍ണര്‍ ഏകാംഗ കമ്മീഷനെ നിയമിച്ചു.

Chandrika Web: