X

മദ്യവിലയില്‍ നൂറു കോടിയുടെ അഴിമതി; എക്‌സൈസ് മന്ത്രിക്കെതിരെ ആരോപണം

തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം. മദ്യവില 7% വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നും മദ്യ ഉല്‍പ്പാദന കമ്പനികള്‍ക്കു 120 കോടി ലാഭം കിട്ടിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഡിസ്റ്റിലറി ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണ് ഇത്ര ഭീമമായ വര്‍ധനവ് നടത്തിയത്.

സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില 53 രൂപയായിരുന്നു. ഇപ്പോഴത് 58 രൂപയായി. 2017ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യത്തിന്റെ വില 7% വര്‍ധിപ്പിച്ചു. ഇപ്പോള്‍ വീണ്ടും 7% വര്‍ധിപ്പിച്ചു. 140 കോടി രൂപയുടെ വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാര്‍ക്ക് എല്ലാ മാസവും ലഭിക്കുന്നത്. ഒരു വര്‍ഷത്തെ കച്ചവടം ഏകദേശം 1680 കോടി രൂപ വരും. ഇതിലാണ് 7% വര്‍ധനവ് നല്‍കുന്നത്. പ്രതിവര്‍ഷം 120 കോടിയിലധികം രൂപയുടെ അധിക വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.

ഏകദേശം 250 കോടിയോളം രൂപ ഇവര്‍ക്ക് വരുമാന വര്‍ധനവ് ഉണ്ടായി. ഇത് അഴിമതിയാണ്. ബവ്‌റിജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നേതൃത്വത്തിലുള്ള ഒരു തട്ടിക്കൂട്ട് സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്‍ വര്‍ധനവിനു സര്‍ക്കാര്‍ മുതിരില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എകെജി സെന്ററിലാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും പാര്‍ട്ടി സെക്രട്ടറിയുമാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ഒന്ന് മയത്തില്‍ തള്ളണമെന്നും താനൊരു സംഭവമാണെന്ന് സ്വയം പറയരുതെന്നും ചെന്നിത്തല പരിഹസിച്ചു. 18 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്ന അച്യുതാനന്ദനെ ഇല്ലാതാക്കിയ ആളാണ് പിണറായി. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രമായപ്പോഴാണ് പ്രതിപക്ഷം പോരാട്ടം തുടങ്ങിയത്. പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ പിണറായി വളര്‍ന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

web desk 1: