തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പിന് കീഴില്‍ അഴിമതി നടന്നതായി കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴില്‍ വരുന്ന സര്‍ക്കാര്‍ പ്രസുകളില്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റ, സ്ഥലംമാറ്റ നടപടികളില്‍ അഴിമതി നടന്നതായി സംസ്ഥാന വിവരാവകാശ കമീഷന് കണ്ടെത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സ്ഥാനക്കയറ്റ, സ്ഥലംമാറ്റ നടപടികളിൽ ഉന്നത നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടൽ ബോധ്യപ്പെട്ടതിനാൽ അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോക്ക് പരാതി നൽകണമെന്ന് അപ്പീൽ നൽകിയ പരാതിക്കാരനോട് വിവരാവകാശ കമീഷണർ പി.ആർ. ശ്രീലത ഉത്തരവിട്ടതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന ചരിത്രത്തിൽ രണ്ടാം തവണയാണ് വിവരാവകാശ കമീഷൻ ഒരു അപ്പീലിൽ പരാതിക്കാരനോട് വിജിലൻസിനെ സമീപിക്കാൻ ആവശ്യപ്പെടുന്നത്.
അപേക്ഷകന് തെറ്റായ വിവരങ്ങൾ നൽകി അഴിമതി മൂടിവെക്കാൻ ശ്രമിച്ച സർക്കാർ സെൻട്രൽ പ്രസിലെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ നടപടി സ്വീകരിക്കാനും കമീഷൻ തീരുമാനിച്ചു. നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഉദ്യോഗസ്ഥന് 15 ദിവസം നൽകി.