അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ്. സംഭവത്തെ തുടര്‍ന്ന് ഓഹരി വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ പത്തുമുതല്‍ 20 ശതമാനം വരെ ഇടിഞ്ഞതായാണ് വിവരം.
ബിഎസ്ഇ സെന്‍സെക്സ് 600ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 220 പോയിന്റ് നഷ്ടത്തോടെ 23,300 പോയിന്റില്‍ താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.
സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യന്‍ ഡോളറില്‍ അധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം. രണ്ടു ബില്യന്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ കരാറുകള്‍ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും പറയുന്നു. കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനെര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.
ഇന്‍ഫോസിസ്, എച്ച്സിഎല്‍, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഹിന്‍ഡാല്‍കോ എന്നി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ എസ്ബിഐ, എന്‍ടിപിസി, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.