X

‘കാര്യം തിരിച്ചറിഞ്ഞപ്പോൾ തിരുത്തി’; സുധാകരൻ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാര്യം തിരിച്ചറിഞ്ഞപ്പോള്‍ സുധാകരന്‍ പ്രസ്താവന തിരുത്തുകയും വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് ഗവര്‍ണര്‍ക്ക് പേര് നല്‍കിയിട്ടില്ല. ചാന്‍സിലര്‍ക്ക് നോമിനേറ്റ് ചെയ്യുമ്പോള്‍ അര്‍ഹരായ ആളുകളെ രാഷ്ട്രീയത്തിന്റെ നിറം നോക്കാതെ നിയമിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണര്‍ ചെയ്ത ഒരു തെറ്റായ കാര്യത്തിനും കോണ്‍ഗ്രസ് കൂട്ടുനിന്നിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുമായി ചേര്‍ന്നു പോകില്ല. സിപിഐഎമ്മാണ് സംഘപരിവാറിന്റെ പിന്നാലെ പോകുന്നത്. സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആകുമ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും നാടകം കളിക്കുമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ കലാപാഹ്വാനം ഗുണ്ടകള്‍ ഏറ്റെടുത്തുവെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. അക്രമം നടന്ന സംഭവങ്ങളില്‍ പൊലീസ് കേസെടുത്താല്‍ ഞങ്ങള്‍ ശാന്തരാകും. കേസെടുക്കാതെ ക്രിമിനലുകളെ രക്ഷിക്കാനാണ് തീരുമാനമെങ്കില്‍ നിയമം കയ്യിലെടുക്കും. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പൊലീസ് മാന്യമായി കേസെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ‘അധികാരം ദുരുപയോഗം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കസേരയില്‍ ഇരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് നാണമുണ്ടോ. കേരളത്തിലെ ആഭ്യന്ത്ര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. കേരളത്തിലെ അറിയപ്പെടുന്ന ക്രിമിനലുകളെ തെരുവിലിറക്കിയിട്ടാണ് അദ്ദേഹത്തിന് സംരക്ഷണം ഒരുക്കുന്നത്. പൊലീസില്‍ മുഖ്യമന്ത്രിയ്ക്ക് വിശ്വാസമില്ല’. വി ഡി സതീശന്‍ പറഞ്ഞു. ശക്തമായ സമര പരിപാടികളും പ്രതികരണങ്ങളും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

webdesk14: