X

സഹകരണസംഘങ്ങളിലെ അംഗത്വം റദ്ദാക്കല്‍; ബില്‍ പാസായി

തിരുവനന്തപുരം: സഹകരണസംഘങ്ങളിലെ കമ്മിറ്റികളിലേക്കുള്ള സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന 2017ലെ കേരള സഹകരണസംഘം ഭേദഗതി ബില്‍ നിയമസഭയില്‍ വോട്ടിനിട്ട് പാസാക്കി. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട 14 ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണിത്.
1969ലെ കേരള സഹകരണസംഘം നിയമത്തിലെ ചില വ്യവസ്ഥകള്‍ നീതിയുക്തമായ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതിയെന്ന് ബില്‍ അവതരിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. പുതിയ ഭേദഗതി പ്രകാരം, ഒരാള്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷം സംഘത്തിന്റെ സേവനം ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തുകയോ സംഘത്തിലെ മുന്നു വാര്‍ഷിക ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ അയാളുടെ അംഗത്വം റദ്ദാക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതിനായി 69ലെ നിയമത്തിലെ 16 എ, 19 എ വ്യവസ്ഥകള്‍ ഒഴിവാക്കി. അതേസമയം, സംഘത്തിലെ അംഗത്തിന് തുടര്‍ച്ചയായ രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന വ്യവസ്ഥ നീക്കം ചെയ്താണ് ബില്‍ പാസാക്കിയത്. നിലവില്‍ തദ്ദേശീയ സ്ഥാപനങ്ങളിലേക്കോ നിയമസഭ തെരഞ്ഞെടുപ്പിലോ ഇല്ലാത്ത പുതിയ നിബന്ധന നിക്ഷിപ്ത താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വ്യവസ്ഥ നീക്കാന്‍ തയാറായത്.
ജില്ലാ സഹകരണബാങ്കിന്റെ ഔദ്യോഗിക സ്ഥാനത്തുള്ള കമ്മിറ്റി നിലവിലില്ലാതിരുന്നാല്‍ റജിസ്ട്രാര്‍ക്ക് ഒരു പുതിയ കമ്മിറ്റിയേയോ ഒന്നോ അതിലധികമോ ഭരണാധിപരേയോ അവര്‍ സംഘത്തില്‍ അംഗമല്ലെങ്കില്‍ കൂടി നിയമിക്കാനുള്ള അധികാരവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ സഹകരണബാങ്കുകളിലെ വോട്ടവകാശം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും മാത്രമാക്കുന്ന ഭേദഗതിയും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
32ാം വകുപ്പിലെ ഭേദഗതി പ്രകാരം ധനസഹായം സ്വീകരിക്കുന്നതിലെ വ്യവസ്ഥകളും ഇളവു വരുത്തിയിട്ടുണ്ട്. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, കേരള സംസ്ഥാന സഹകരണനിക്ഷേപ ഗ്യാരണ്ടി നിധി ബോര്‍ഡ് നടപ്പാക്കുന്ന നിക്ഷേപ ഗ്യാരണ്ടി പദ്ധതി, കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് നടപ്പാക്കുന്ന റിസ്‌ക് ഫണ്ട് സ്‌കീം, നബാര്‍ഡ്, ദേശീയ സഹകരണവികസന കോര്‍പറേഷന്‍, സംസ്ഥാനത്തിന്റെയോ കേന്ദ്രസര്‍ക്കാറിന്റെയോ നിയന്ത്രണത്തില്‍ കീഴിലുള്ള മറ്റേതെങ്കിലും ധനകാര്യസ്ഥാപനം എന്നിവ നല്‍കുന്ന ധനസഹായവും ഈ സ്ഥാപനങ്ങള്‍ ഗ്യാരണ്ടി ചെയ്യുന്ന മറ്റേതെങ്കിലും ധനസഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്ത് നിന്ന് പി. അബ്ദുല്‍ ഹമീദ്, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ബില്ലിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി അലി കൊണ്ടുവന്ന ആറ് ഭേദഗതികളും അംഗീകരിച്ചു.

chandrika: