അബുദാബി: കോവിഡ് 19 വൈറസിന് എതിരെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന വാക്‌സിന്റെ യുഎഇയിലെ പരീക്ഷണ ഘട്ടം അവസാനിക്കുന്നു. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിനാണ് അവസാനമാകുന്നത്. വലിയ പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ തന്നെ വാക്‌സിന്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജൂലൈ മധ്യത്തിലാണ് യുഎഇയില്‍ വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചത്. ചൈനീസ് നാഷണല്‍ ബയോടെക് ഗ്രൂപ്പായ സിനോഫാം ആണ് മരുന്നു വികസിപ്പിച്ചത്. അബുദാബി ആരോഗ്യ വകുപ്പ്, അബുദാബി ആസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനി ഗ്രൂപ്പ് 42 എന്നിവര്‍ പരീക്ഷണത്തില്‍ സഹകരിച്ചു.
വാക്‌സിന്റെ രണ്ടു ഡോസുകളാണ് വോളണ്ടിയര്‍മാര്‍ക്ക് നല്‍കിയത്. 120 രാഷ്ട്രങ്ങളില്‍ നിന്നുള്ള 31000 വളണ്ടിയര്‍മാര്‍ പരീക്ഷണത്തിന്റെ ഭാഗമായി എന്നതാണ് ചരിത്ര നേട്ടം. യുഎഇയില്‍ അല്ലായിരുന്നു എങ്കില്‍ ഇത്രയും കൂടുതല്‍ വിദേശ പൗരന്മാരെ പരീക്ഷണത്തിന്റെ ഭാഗമാക്കാന്‍ കഴിയുമായിരുന്നില്ല എന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു മാസത്തിനുള്ളില്‍ പരീക്ഷണങ്ങളുടെ അപഗ്രഥനങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ജി24 ഹെല്‍ത്ത് കെയര്‍ സിഇഒ ആശിഷ് കോശി പറഞ്ഞു.
വാക്‌സിന്റെ നിര്‍മാണത്തിലും വിതരണത്തിലും സിനോഫാമുമായി ജി24ന് കരാറുണ്ട്. യുഎഇയിലേക്കും അയല്‍ രാഷ്ട്രങ്ങളിലേക്കും കോവിഡ് വാക്‌സിന്‍ എത്തിക്കാനാകും എന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷത്തോടെ 75-100 ദശലക്ഷം ഡോസുകള്‍ ഉത്പാദിപ്പിക്കാനാകും എന്നാണ് കരുതുന്നത്- കോശി പറഞ്ഞു.
ഓരോ ഫലവും കാണിക്കുന്നത് പരീക്ഷണം സുരക്ഷിതമാണ് എന്നാണ്. വോളണ്ടിയര്‍മാരില്‍ ആന്റി ബോഡികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കുറച്ചു കൂടി സമയമെടുത്താലേ സമ്പൂര്‍ണ ചിത്രം ലഭിക്കൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയില്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 435 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാല്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ആളോഹരി കോവിഡ് പരിശോധന നടത്തിയ രാഷ്ട്രമാണ് യുഎഇ.