കോവിഡ് 19 പിടിപെട്ട് മാറിക്കഴിഞ്ഞാല്‍ പിന്നീട് വൈറസ് ബാധയില്‍ നിന്ന് സംരക്ഷണമുണ്ട് എന്നാണ് പൊതുധാരണ. കോവിഡിനെ ഇല്ലാതാക്കാന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡി പിന്നീട് വൈറസ് ബാധയെ ചെറുക്കും എന്നാണ് പറയപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ കോവിഡ് പിടിപെട്ട ഒരാള്‍ക്ക് പിന്നീട് ഇതേ അസുഖം വരില്ലേ?
ജൂലൈയില്‍ ലണ്ടനിലെ കിങ്‌സ് കോളജിലെ ഗവേഷകര്‍ നടത്തിയ ഗവേഷണമാണ് ഇക്കാര്യത്തില്‍ നേരത്തെയുണ്ടായിരുന്ന പ്രധാനപ്പെട്ട പഠനം. കോവിഡ് അസുഖം ഭേദമായവരില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡിയുടെ എണ്ണം മൂന്ന നാലു മാസങ്ങള്‍ക്ക് ശേഷം ക്ഷയിക്കാന്‍ തുടങ്ങും എന്നാണ് അന്ന ഗവേഷകര്‍ കണ്ടെത്തിയിരുന്നത്. അഥവാ, കോവിഡ് ഭേദമായ ഒരാളിലും അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷം വീണ്ടും വൈറസ് ബാധയുണ്ടാകാം.
എന്നാല്‍ ന്യൂയോര്‍ക്ക് റോക്ക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലെ ഹൊവാര്‍ഡ് ഹ്യൂഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഗവേഷകര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ആന്റി ബോഡികള്‍ ക്ഷയിക്കുന്നതിന് പകരം അവ കൂടുതല്‍ ശക്തവും ശേഷിയുമുള്ളതായി മാറുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
പഠനം കൂടുതലായി അപഗ്രഥനം ചെയ്യപ്പെട്ടിട്ടില്ല എങ്കിലും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് മുക്തനായ രോഗിയുടെ രോഗപ്രതിരോധ ശേഷി സാധാരണഗതിയില് ഭാവിയിലെ മറ്റേതു വൈറസിനെയും നേരിടാന്‍ സജ്ജമായിരിക്കും.
‘കോവിഡ് ബാധിച്ചയാളുകള്‍ക്ക് ചുരുങ്ങിയത് അടുത്ത ആറു മാസത്തേക്ക് എങ്കിലും വീണ്ടും വൈറസ് വരാനുള്ള സാധ്യത തീരെ കുറവാണ്’ – എന്ന് ഗവേഷകരില്‍ ഒരാളായ മൈക്കല്‍ നുസന്‍വീഗ് പറയുന്നു.
പഠനത്തിനായി ഏപ്രിലിന് മുമ്പ് കോവിഡ് മുക്തരായ 149 രോഗികളില്‍ നിന്നാണ് ഗവേഷകര്‍ സാമ്പിളുകള്‍ ശേഖരിച്ചത്. ന്യൂയോര്‍ക്കില്‍ കോവിഡ് ഏറ്റവും ഉച്ഛസ്ഥായില്‍ നിന്ന സമയമായിരുന്നു അത്. സാമ്പിളുകള്‍ പരിശോധിച്ച എല്ലാവരുടെ ശരീരത്തിലും ശക്തമായ ആന്റി ബോഡികള്‍ ഉണ്ടായി എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആന്റിബോഡികളുടെ നില മൂന്നു മാസത്തിനു ശേഷം അതേ നില തന്നെയായിരുന്നു.
അഞ്ചു മാസത്തിന് ശേഷം രോഗികളുടെ ആന്റി ബോഡി വീണ്ടും പരിശോധിച്ചു. മിക്ക രോഗികളിലും അമ്പത് ശതമാനത്തിലേറെ ആന്റി ബോഡി കൗണ്ട് കുറവായിരുന്നു. എന്നാല്‍ രോഗികളില്‍ ബി സെല്‍ (ബി ലിംഫോസൈറ്റ്‌സ്) ലെവല്‍ കൂടുതലായതായും കണ്ടെത്തി. പകര്‍ച്ചാണുവിന് എതിരെ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഒരു തരം കോശങ്ങളാണിത്. രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഭാഗമായി പ്രവര്‍ത്തിക്കുന്ന കോശമാണ് ബി സെല്‍.
കോവിഡ് മുക്ത രോഗികളിലെ ആന്റി ബോഡികള്‍ ക്ഷയിച്ചു തുടങ്ങിയാലും അവയ്ക്ക് പകരമായി ബി മെമ്മറി കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ശരീരത്തില്‍ ബി കോശങ്ങളാണ് രോഗപ്രതിരോധ പ്രോട്ടീനുകളായ ആന്റി ബോഡികള്‍ ഉത്പാദിപ്പിക്കുന്നത്. ഈ ആന്റി ബോഡികളാണ് വൈറസുകള്‍ കോശങ്ങളില്‍ കയറാതെ തടയുന്നത്. ടി കോശങ്ങള്‍ വൈറസ് ബാധിച്ച കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു. ബി, ടി മെമ്മറി കോശങ്ങള്‍ ദീര്‍ഘകാലം സജീവമായി നില്‍ക്കുന്നവയാണ്.
ഇങ്ങനെയൊക്കെയാണ് എങ്കിലും രോഗം വന്നു പോയാല്‍ സമ്പൂര്‍ണ പ്രതിരോധ ശേഷി കൈവരും എന്ന പ്രചാരണം തെറ്റാണ്. സുരക്ഷിതമായ വൈറസ് മാത്രമാണ് ലോകത്തെ കോവിഡ് മുക്തമാക്കാനുള്ള ഏക പോംവഴി.