X
    Categories: Newsworld

ചാള്‍സ് രാജാവിന്റെ കിരീടധാരണം ഇന്ന്; ക്ഷണിക്കപ്പെട്ടവരില്‍ മലയാളികളും

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ കിരീടധാരണം ഇന്ന് പ്രൗഢഗംഭീര ചടങ്ങില്‍ നടക്കും. വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയിലാണ് കിരീടധാരണ ചടങ്ങ് നടക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബൈബിള്‍ വായിക്കും. ബ്രിട്ടീഷ് ഐതിഹ്യങ്ങളില്‍ വസന്തത്തിന്റെയും പുതുജീവന്റെയും പ്രതിരൂപമായ ഗ്രീന്‍മാന്‍ കേന്ദ്രമാക്കി തയാറാക്കിയ പ്രത്യേക ക്ഷണപത്രം ലഭിച്ച 2000 വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സംബന്ധിക്കും. ഇതില്‍ 100 പേര്‍ രാഷ്ട്രമേധാവികളാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പങ്കെടുക്കും. ഇതിനായി ധന്‍കറും പത്‌നിയും ബ്രിട്ടനിലെത്തി. നടി സോനം കപൂറാണ് ഇന്ത്യയില്‍ നിന്ന് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്ന ഏക സെലിബ്രിറ്റി. കിരീടധാരണ ചടങ്ങിനോടനുബന്ധിച്ച് ഇന്നലെ കാന്റര്‍ബറിയില്‍ ആഘോഷവിരുന്ന് നടന്നു. ചാള്‍സിനെ രാജാവായി വാഴിക്കുന്ന ഇന്നത്തെ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും. നാളെ കാന്റര്‍ബറി കത്തീഡ്രലിന്റെ വളപ്പ് പൊതുജനങ്ങള്‍ക്കു വേണ്ടി തുറന്നുകൊടുക്കും. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും കാമില രാജ്ഞിയുടെയും സ്ഥാനാരോഹണ ചടങ്ങിന് 1027 കോടി രൂപയാണ് ബ്രിട്ടീഷ് രാജകുടുംബം ചെലവഴിക്കുന്നത്.

ക്ഷണിക്കപ്പെട്ടവരില്‍ മലയാളികളും

ലണ്ടന്‍: ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ മലയാളി കുടുംബവും. ചാള്‍സ് രാജാവിന്റെയും രാജ്ഞി കാമിലയുടെ ഇഷ്ട ഡോക്ടര്‍മാരായ വയനാട് സ്വദേശി ഡോ.ഐസക് മത്തായി നൂറനാലിനും ഡോ സുജ ഐസക്കിനുമാണ് രാജകുടുംബത്തിന്റെ പ്രത്യേക ക്ഷണം ലഭിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ രാജവാഴ്ച ചടങ്ങിലേക്കുള്ളതാണ് ഒരു ക്ഷണക്കത്ത്, മറ്റൊന്നു കോറണേഷണനു ശേഷം ബക്കിങാം കൊട്ടാരത്തിലെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്കുള്ളതും. ഹോമിയോ, ആയുര്‍വേദം തുടങ്ങി ബദല്‍ ചികിത്സാ രീതികളെ ഇഷ്ടപ്പെടുന്ന ചാള്‍സിന് ഡോ.ഐസക് ചികിത്സ നല്‍കിയിട്ടുണ്ട്.

 

webdesk11: