ന്യൂയോര്‍ക്ക്: കൊറോണ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുമെന്ന് പഠനം. യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഇമ്മൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. കോവിഡിന്റെ ഭാഗമായിട്ടുള്ള തലവേദന ഉള്‍പ്പെടെയുള്ളവ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന് അമേരിക്കയില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. എലികളെ രണ്ട് വിഭാഗങ്ങളാക്കിയാണ് പരീക്ഷണം നടത്തിയത്. ഒരു വിഭാഗം എലികളിലെ ശ്വാസകോശത്തില്‍ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളും മറ്റൊരു വിഭാഗം എലികളിലെ തലച്ചോറില്‍ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളുമാണ് പഠനവിധേയമാക്കിയത്. തലച്ചോറിലെ വൈറസ് ബാധ വളരെപെട്ടെന്ന് ശരീരഭാരം കുറക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നതായി വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.