X

കാതലും കരുത്തും

അഡ്വ. അബൂ സിദ്ധീഖ്‌

ഭരണത്തിലും ഭരണനിര്‍വഹണത്തിലും ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലും ജനങ്ങള്‍ക്ക് സമഗ്രമായ പങ്കാളിത്തം നല്‍കുന്ന ജനാധിപത്യമാണ് ഭരണഘടനയുടെ കാതലും കരുത്തും. അതു കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ് ഇന്ത്യ. ഇന്ത്യയിലെ വൈവിധ്യങ്ങളേയും, വൈജാത്യങ്ങളേയും ഭാരതീയര്‍ എന്ന ഏക വികാരത്തില്‍ ഒരുമിപ്പിക്കുകയും ഒന്നാക്കി നിര്‍ത്തുകയും ചെയ്യുന്ന ചാലകശക്തിയും ഭരണഘടനയാണ്.

ഭരണഘടനാനിര്‍മാണ സഭാംഗങ്ങള്‍ എന്ന നിലയില്‍ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്, ബി. പോക്കര്‍ സാഹിബ്, ബി.ആര്‍ അംബേദ്ക്കര്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുടെ നിരന്തരമായ പോരാട്ടത്തിന്റേയും ആവശ്യത്തിന്റേയും വാദത്തിന്റേയും അടിസ്ഥാനത്തിലാണ് ഭരണഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ന്യൂന പക്ഷാവകാശം, അവസര സമത്വം, തുല്യനീതി, ആരാധാന സ്വാതന്ത്ര്യം എന്നീ സുപ്രധാന ആശയങ്ങള്‍ ഉള്‍പ്പെട്ടതും ഉള്‍കൊള്ളിച്ചതും. എന്നാല്‍ വര്‍ത്തമാന കാല ഇന്ത്യ ഈ ആശയങ്ങളെ എല്ലാം ഇല്ലാതാക്കാനുള്ള നീക്കത്തിന് ഭരണകൂടം തന്നെ കൂട്ടുനില്‍ക്കുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരുന്നത്.

ഭരണഘടനാമൂല്യങ്ങളും ആശയങ്ങളും നിലനില്‍ക്കുന്നത് ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, പ്രസ്സ് എന്നീ നാല് സ്തംബങ്ങളാണ് . എന്നാല്‍ ഈ സുപ്രധാന ഘടകങ്ങളേയും ദുര്‍ബലപ്പെടുത്താനും, ദുഷിപ്പിക്കാനുമുള്ള നീക്കങ്ങളും രാജ്യത്ത് ദ്രുതഗതിയില്‍ നടന്നുവരുന്നു. പൗരന്റെ അവസാന അഭയമായ ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. നീതിമാന്മാരായ ന്യായാധിപന്മാരെ ഭീഷണിപെടുത്തിയും സ്ഥലം മാറ്റിയും പ്രലോഭിച്ചും വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. നിര്‍മിക്കപ്പെട്ട നിയമങ്ങള്‍ യഥാവിധം നടപ്പിലാക്കേണ്ടവരായ എക്‌സിക്യൂട്ടീവ് പക്ഷം ചേരുന്നു.

ലെജിസ്ലേജര്‍, ഭരണഘടനാശില്‍പികള്‍ കൊണ്ടുവന്ന എല്ലാ ആശയങ്ങളേയും ഇല്ലാതാകുന്ന തരത്തിലുള്ള നിയമങ്ങള്‍ തരാതരം പോലെ പാസ്സാക്കുന്നു. യാന്ത്രികമായി നിര്‍മിക്കുന്നു. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പ്രസ്സിന്റെ സ്വതന്ത്ര പ്രവര്‍ത്തനങ്ങളെ ഭരണാധികാരം ഉപയോഗിച്ച് തടയുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളെ, നിയമസഭകളെ മൂകസാക്ഷികളാക്കി, ഭരണത്തിന്റേയും ഭരണഘടനാപദവി കളുടേയും സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ച് രാജ്യത്തെ ജനാധിപത്യ സമ്പ്രദായത്തെ അപ്രസക്തമാക്കുന്നു. സത്യസന്ധരായ ന്യായാധിപന്മാര്‍, സിവില്‍ സര്‍വന്റ്‌സ്, മാധ്യമ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, സാംസ്‌കാരിക നായകര്‍ എന്നിവരെല്ലാം നിരന്തരം ആക്രമിക്കപ്പെടുന്നു. ഭരണഘടനാദിനം ആചരിക്കപ്പെടുന്ന ഈ സുദിനത്തില്‍ ഇത്തരം വിഷയങ്ങളെല്ലാം ഏറെ ചര്‍ച്ചക്ക് വിധേയമാക്കേണ്ടവയാണ്. രാജ്യത്തിന്റെ ഫെഡല്‍ സംവിധാനം, സാമ്പത്തിക സൈനിക പ്രതിരോധ സംവിധാനം, ഭരണഘടനാ പദവികളിലെ നിയമനങ്ങള്‍, ജഡ്ജിമാരുടെ നിയമന സമ്പ്രദായം, സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

Test User: