ന്യൂഡല്‍ഹി: പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഡല്‍ഹി ഡൈനമോസിനെ തോല്‍പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍ ഫൈനലിന് തയ്യാറെടുക്കുന്നു. ഡിസംബര്‍ 18ന് കൊച്ചിയിലാണ് ഫൈനല്‍. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.
ഡല്‍ഹിക്കെതിരായ വിജയം ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ചിരുന്നുവെന്നാണ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറയുന്നത്. രണ്ട് പാദമത്സരങ്ങളിലും ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു, അത് കൊണ്ടുതന്നെ ഫൈനല്‍ അര്‍ഹതപ്പെട്ടതാണെന്ന് കോപ്പല്‍ പറയുന്നു. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 മിനുറ്റിനുള്ളില്‍ വിജയിക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി, പക്ഷേ അതിന് കഴിഞ്ഞില്ല, എക്‌സ്ട്രാ ടൈമിലും ശക്തമായ മത്സരം കാഴ്ചവെച്ചു കോപ്പല്‍ പറഞ്ഞു.
എന്നാല്‍ എതിരാളിയുടെ കളി മികവിനെ പുകഴ്ത്താനും കോപ്പല്‍ മറന്നില്ല, ഡല്‍ഹി നല്ല മത്സരമാണ് കാഴ്ചവെച്ചത്. പത്ത് പേരുമായാണ് അവര്‍ നല്ല മത്സരം പുറത്തെടുത്തത്, സീസണിലുടനീളം ഡല്‍ഹി കളിക്കാര്‍ മികവ് പുലര്‍ത്തിയെന്നും കോപ്പല്‍ പറഞ്ഞു.
ഫൈനലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൊല്‍ക്കത്ത മികച്ച ടീമെന്നായിരുന്നു കോപ്പലിന്റെ മറുപടി. മുംബൈക്കെതിരായ രണ്ട് പാദ സെമി മത്സരങ്ങളില്‍ ഒമ്പത് മാറ്റങ്ങളാണ് കൊല്‍ക്കത്ത നടത്തിയത്, അവരുടെ ടീമിന്റെ ആഴമാണ് ഇത് തെളിയിക്കുന്നത്, അത് കൊല്‍ക്കത്തക്ക് പ്ലസ് പോയിന്റാണ്, എന്നാല്‍ ഒരു മത്സരത്തില്‍ ഹോസു പുറത്തിരുന്നപ്പോള്‍ തന്നെ ഞങ്ങള്‍ അനുഭവിച്ചതാണ്, എന്നാല്‍ ഞങ്ങളുടെ കരുത്ത് കാണികളാണെന്നും അവരുടെ ആര്‍പ്പുവിളികള്‍ ഉര്‍ജ്ജം നല്‍കുമെന്നും കോപ്പല്‍ പറഞ്ഞു.