ക്ലബ് ഫുട്‌ബോളിന്റെ തിരക്കില്‍ നിന്നും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ താളത്തിലേക്ക് ലോക ഫുട്‌ബോള്‍ മനസ് ചേക്കേറുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ നിരാശയില്‍. നാളെ മുതല്‍ കോപ്പ നാളുകള്‍ തുടങ്ങാനിരിക്കെ ഇന്ത്യയില്‍ ഇത്തവണ ടിവി സ്ംപ്രേക്ഷണമില്ലെന്നതാണ് ആകാധകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. നാളെ പുലര്‍ച്ചെ 6 മണിക്ക് ആതിഥേയരായ ബ്രസീല്‍ ബൊളീവയയെ നേരിടുന്നതോടെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്് തുടക്കമാവുക. ക്രിക്കറ്റ് ലോകകപ്പ് ആവേശമാണ് ഇന്ത്യയില്‍ കോപ്പക്ക് തിരിച്ചടിയായിരിക്കുന്നത്. നേരത്തെ സ്റ്റാര്‍സ്‌പോര്‍ട്‌സിന് ആയിരുന്നു ഇന്ത്യയില്‍ കോപ്പയുടെ സംപ്രേക്ഷണ അവകാശം. എന്നാല്‍ ക്രിക്കറ്റ് ലോകകപ്പ് മുമ്പില്‍ നില്‍ക്കെ സംപ്രേക്ഷണത്തില്‍ നിന്നും പിന്‍വലിയുകയായിരുന്നു. എന്നാല്‍ സോണി നെറ്റ്‌വര്‍ക്ക് സംപ്രേക്ഷണത്തിനായി ശ്രമിച്ചെങ്കിലും ലഭിക്കാതയായുകയായിരുന്നു. അതേസമയം ഇന്റെര്‍നെറ്റിന്റെ പുതിയ കാലത്ത് ആപ്പുകള്‍ വഴി ലോക ചാനലുകളില്‍ നിന്നും മത്സരം നേരിട്ട് കാണാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.
നാളെ മുതല്‍ ലോക ഫുട്‌ബോള്‍ താരങ്ങള്‍ ദേശീയ ഫുട്‌ബോളിന്റെ മനോഹാരിതയിലേക്ക് വരുന്നു. മൂന്ന് ഗ്രൂപ്പുകളിലായി പന്ത്രണ്ട് ടീമുകളാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിന് വരുന്നതെങ്കിലും ഫുട്‌ബോള്‍ ലോകത്തിന്റെ നോട്ടപ്പുള്ളികള്‍ ആതിഥേയരായ ബ്രസീലും ലിയോ മെസിയുടെ അര്‍ജന്റീനയും തന്നെ. നിലവിലെ ചാമ്പ്യന്മാരായ ചിലിയും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വേയും കൊളംബിയയും വെല്ലുവിളി ഉയര്‍ത്തുമെങ്കിലും ബ്രസീല്‍-അര്‍ജന്റീന ഫൈനലാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്. ഇത്തവണ രണ്ട് ഏഷ്യന്‍ രാജ്യങ്ങളാണ് അതിഥികളായി പങ്കെടുക്കുന്നത്. ഈയിടെ യു.എ.ഇയില്‍ സമാപിച്ച ഏഷ്യന്‍ കപ്പില്‍ കിരീടം സ്വന്തമാക്കിയ ഖത്തറും ഫൈനലില്‍ പരാജിതരായ ജപ്പാനുമാണ് ലാറ്റിനമേരിക്കക്കാരുടെ അതിഥികള്‍.
ഗ്രൂപ്പ് എയിലാണ് ബ്രസീല്‍. ഒപ്പം ബൊളീവിയ, പെറു, വെനിസ്വേല എന്നിവരും. ആദ്യ മല്‍സരം നാളെ രാത്രി (ഇന്ത്യയില്‍ ഞായര്‍ രാവിലെ 6-00) ബ്രസീലും ബൊളീവിയയും തമ്മിലാണ്. ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. കൊളംബിയയും പരാഗ്വേയും പിന്നെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറുമാണ് ഗ്രൂപ്പ്് പ്രതിയോഗികള്‍. ഗ്രൂപ്പ് സിയില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിക്കൊപ്പം ഇക്വഡോറും ഉറുഗ്വേയും പിന്നെ ജപ്പാനും. സ്വന്തം നാട്ടില്‍ നാല് തവണ കോപ്പ ഫുട്‌ബോള്‍ നടന്നപ്പോഴും കിരീടമണിഞ്ഞവര്‍ ബ്രസീലാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല എന്ന വിശ്വാസത്തിലാണ് ബ്രസീലുകാര്‍. സൂപ്പര്‍ താരം നെയ്മര്‍ പരുക്കില്‍ കളിക്കുന്നില്ല എന്ന വേദനയിലും സ്വന്തം ടീം കപ്പില്‍ മുത്തമിടുന്നത് കാണാന്‍ കൊതിക്കാത്ത ബ്രസീലുകാരില്ല. സമീപകാല രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളെല്ലാം ബ്രസീലിന് കണ്ണീര്‍ക്കഥകളായിരുന്നു. 2014 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സെമിയില്‍ ജര്‍മനിയോട് ഏഴ് ഗോളുകള്‍ വാങ്ങി തോറ്റു. തുടര്‍ന്ന് കോപ്പ അമേരിക്കയിലും തോല്‍വി. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയെത്തി ബെല്‍ജിയത്തോട് തോറ്റ് പുറത്തായി. അതിനിടെ റിയോ ഒളിംപിക്‌സില്‍ നേടാനായ സ്വര്‍ണം മാത്രമായിരുന്നു ആശ്വാസം.
നെയ്മര്‍ ഇല്ലെങ്കിലും ബ്രസീല്‍ സംഘത്തില്‍ താര ക്ഷാമമില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസ്, ലിവര്‍പൂളിന്റെ മുന്‍നിരക്കാരന്‍ റോബര്‍ട്ടോ ഫിര്‍മിനോ തുടങ്ങിയവര്‍ പരുക്കില്‍ നിന്നും മുക്തരായി വരുകയാണ്. ഇവര്‍ക്കൊപ്പം യുവതാരങ്ങളുടെ സംഘമുണ്ട്. എവര്‍ട്ടണ് വേണ്ടി മിന്നിക്കളിച്ച റിച്ചാര്‍ലിസണിലാണ് കോച്ച് ടിറ്റേയുടെ പ്രതീക്ഷ. മധ്യനിരയായിരുന്നു റഷ്യന്‍ ലോകകപ്പില്‍ ടീമിന്റെ പ്രശ്‌നം. ഇത്തവണ അതിന് പരിഹാരമിടാന്‍ യുവതാരം ലുക്കാസ് പക്വേറ്റക്കൊപ്പം സീനിയര്‍ താരം കാസിമിറോ ഉള്‍പ്പെടെയുള്ളവരെ കോച്ച ചുമതലപ്പെടുത്തുമെന്നാണ് കരുതുന്നത്. വീനിഷ്യസ് ജൂനിയറിനെ പോലുളള യുവതാരങ്ങളെയും മാര്‍സിലോയെ പോലുളള അനുഭവസമ്പന്നരെയും ഉള്‍പ്പെടുത്താതെയാണ് ടിറ്റേ ടീമിനെ ഇറക്കുന്നത്. കനത്ത സമ്മര്‍ദത്തില്‍ കിരീടമില്ലാതെ വന്നാല്‍ കോച്ചിന്റെ സെലക്ഷന്‍ രീതികള്‍ തന്നെ ചോദ്യം ചെയ്യപ്പെടും. 2007 ലണ് അവസാനമായി ബ്രസീല്‍ കോപ്പ നേടിയത്. അന്ന് റോബിഞ്ഞോ നയിച്ച മഞ്ഞപ്പടയാണ് മെസി കളിച്ച അര്‍ജന്റീനയെ ഫൈനലില്‍ 3-0 ത്തിന് തകര്‍ത്തത്.
അര്‍ജന്റീനയെന്നാല്‍ അത് മെസിയാണ്. അടുത്ത കോപ്പ ചാമ്പ്യന്‍ഷിപ്പിന് കൊളംബിയക്കൊപ്പം ആതിഥേയത്വം വഹിക്കുന്നവര്‍ എന്ന നിലയില്‍ മാത്രമല്ല അര്‍ജന്റീനക്ക് കിരീടം അത്യാവശ്യ.ം- മെസിയുടെ പേരിലുള്ള കളങ്കം അവസാനിപ്പിക്കണം. രാജ്യത്തിന് ഒരു കിരീടവും സമ്മാനിക്കാത്ത സൂപ്പര്‍ താരം എന്ന കുപ്രസിദ്ധിക്ക് അന്ത്യമിടാന്‍ മെസി മാത്രമല്ല എല്ലാവരും കച്ച കെട്ടുമ്പോള്‍ മറഡോണയുടെ നാട്ടുകാരും പ്രതീക്ഷയില്‍ തന്നെ. പക്ഷേ ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബിയ എന്ന ശക്തരായ പ്രതിയോഗികളുണ്ട്. ജൂനിയര്‍ തലത്തില്‍ ധാരാളം കിരീടങ്ങള്‍ നേടിവരാണ് സമീപ വര്‍ഷങ്ങളില്‍ അര്‍ജന്റീന. 1995 നും 2007 നുമിടയില്‍ അഞ്ച് വട്ടം ടീം അണ്ടര്‍ 20 ലോകകപ്പില്‍ ജേതാക്കളായി. 2004 ലും 2008 ലും ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം നേടി. പക്ഷേ കഴിഞ്ഞ 26 വര്‍ഷമായി സീനിയര്‍ തലത്തില്‍ ഒന്നുമില്ല. 26 വര്‍ഷം മുമ്പ് നേടിയ കോപ്പ കിരീടമാണ് ഇപ്പോഴും ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനത്തെ അവസാന കിരീടം. 2014 ലെ ലോകകപ്പില്‍ ഫൈനല്‍ കളിച്ചതായിരുന്നു സമീപകാലത്തെ വലിയ നേട്ടം. കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ ഫ്രാന്‍സിനോട് തകര്‍ന്നു പുറത്തായി. ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിരുന്ന സപ്പോര്‍ട്ടിംഗ് സ്റ്റാഫായ ലയണല്‍ സ്‌കോലാനിയാണ് ഇപ്പോഴത്തെ ദേശീയ കോച്ച്. അദ്ദേഹത്തിന് കോപ്പ വരെയാണ് ഫെഡറേഷന്‍ സമയം അനുവദിച്ചിരിക്കുന്നത്. 1978 ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഡാനിയല്‍ പാസറേലയുടെ സംഘത്തില്‍ അംഗമായിരുന്ന സെസാര്‍ ലൂയിസ് മെനോട്ടിയാണ് പുതിയ ടെക്‌നിക്കല്‍ ഡയരക്ടര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ടീം സെലക്ഷന്‍. ദേശീയ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്കാണ് മെനോട്ടി പ്രാമുഖ്യം നല്‍കിയത്. സീനിയേഴ്‌സ് എന്ന നിലയില്‍ മെസിയും സെര്‍ജി അഗ്യൂറോയും പിന്നെ എയ്ഞ്ചലോ ഡി മരിയയും. ഉറുഗ്വേയും ശക്തര്‍ തന്നെ. പക്ഷേ ബാര്‍സിലോണക്കാരന്‍ ലൂയിസ് സുവരാസ് പരുക്കില്‍ നിന്നും മോചിതനായിട്ടില്ല. 72 കാരനായ പരിശീലകന്‍ ഓസ്‌ക്കാര്‍ ടബരസിന്റെ ആസുത്രണത്തിലെ പ്രധാന കണ്ണി സുവാരസാണ്. റോഡിഗ്രോ ബെമനാറ്റര്‍, മത്തിയാസ് വസീനോ, ലുക്കാസ് ടോറേറ എന്നിവരും ടീമിന്റെ കരുത്താണ്. കാര്‍ലോസ് ക്വിറസ് എന്ന പരിശീലകന് കീഴില്‍ കൊളംബിയ കളിക്കുന്ന ആദ്യ ചാമ്പ്യന്‍ഷിപ്പാണിത്. ഇത്രയും കാലം ഇറാനൊപ്പമായിരുന്നു ക്വിറസ്. തുടര്‍ച്ചയായി രണ്ട് വട്ടം കോപ്പയില്‍ മുത്തമിട്ട ചിലിക്ക്് കഴിഞ്ഞ തവണ ലോകകപ്പിന് പോലും യോഗ്യത നേടാനായിരുന്നില്ല. ചില മികച്ച താരങ്ങളുണ്ട് എന്നതാണ് ചാമ്പ്യന്മാരുടെ പ്രതീക്ഷ. ബൊളീവിയ, വെനിസ്വേല, പെറു എന്നിവരൊന്നും അട്ടിമറിക്ക് പ്രാപ്തരല്ല. ക്ഷണിതാക്കളില്‍ ഖത്തറും ജപ്പാനുമാണുള്ളത്. 2022 ലെ ലോകകപ്പിന് നേത്യത്വം വഹിക്കുന്നവരായ ഖത്തറിന് ലാറ്റിനമേരിക്കന്‍ സാഹചര്യങ്ങളില്‍ എത്ര മാത്രം കരുത്തരായി കളിക്കാമെന്നതാണ് പ്രധാനം. ഏവരെയും അല്‍ഭുതപ്പെടുത്തിയാണ് ടീം വന്‍കരാ കിരീടം സ്വന്തമാക്കിയത്. ജപ്പാന്‍ രാജ്യാന്തര ഫുട്‌ബോളില്‍ പരിചിതരാണ്. എന്തായാലും ജൂലൈ എട്ടിന് മരക്കാനയില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും കളിക്കുന്നത് കാണാനാണ് ഫുട്‌ബോള്‍ ലോകത്തിന് താല്‍പ്പര്യം. 2014 ലെ ലോകകപ്പ് ഫൈനലില്‍ മരക്കാനയില്‍ വെച്ചാണ് മെസി കരഞ്ഞത്. ജര്‍മനിയോട് ഒരു ഗോളിന് പരാജയപ്പെട്ടതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. പക്ഷേ അതേ വേദിയില്‍ കോപ്പ കിരീടം നേടാനായാല്‍ മെസിക്ക്് അത് വലിയ ആശ്വാസമാവും.