X

സഹകരണ എക്‌സ്‌പോ; ഓഫീസ് അറ്റന്‍ഡന്റുമാര്‍ക്കും പ്രത്യേകാനുമതി നല്‍കി സര്‍ക്കാര്‍

കോഴിക്കോട്: സേവനങ്ങളൊക്കെ പിന്നെ; എല്ലാവരും ആഘോഷിക്കട്ടെ എന്ന നിലപാടിലാണ് സഹകരണ വകുപ്പ്. കഴിഞ്ഞ 18ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടങ്ങിയ സഹകരണ വകുപ്പ് എക്‌സപോയില്‍ പങ്കെടുക്കാന്‍ ഓഫീസ് അറ്റന്‍ഡന്റ് മാര്‍ക്കടക്കം ഔദ്യോഗികാനുമതി നല്‍കി ഉത്തരവിറക്കിയിരിക്കുകയാണ് സഹകരണ വകുപ്പ്.

ഓരോ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രാനുമതിയും നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായാണ് സഹകരണ വകുപ്പ് എക്‌സ്‌പോ 18ന് തുടങ്ങിയത്. ഇതിന്റെ പേരില്‍ ദിവസങ്ങളായി സഹകരണ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാണ്.

എക്‌സ്‌പോ തുടങ്ങിയതു മുതല്‍ വകുപ്പ് സെക്രട്ടറി മുതല്‍ 14 ജില്ലാ ജോയിന്റ് രജിസ്ട്രാര്‍, അസി. രജിസ്ട്രാര്‍, ഓഡിറ്റ് വിഭാഗം ഉള്‍പ്പടെ മുഴുവന്‍ ഉദ്യോഗസ്ഥരും മറൈന്‍ ഡ്രൈവില്‍ എക്‌സ്‌പോ ഉല്ലാസത്തിലാണ്. ഇതോടെ സാമ്പത്തിക വര്‍ഷാവസനത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിശ്ചലമായി.

പുതിയ സാമ്പത്തിക വര്‍ഷാരംഭത്തിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ നില്‍ക്കുകയുമാണ്. ഈ എക്‌സ്‌പോയിലേക്കാണ് സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസ് അറ്റന്‍ഡന്റുമാര്‍ക്കടക്കം ഔദ്യോഗിക യാത്രാനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയിരിക്കുന്നത്. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക്് അവധിയും ശമ്പളവും യാത്രബത്തയുള്‍പ്പടെ ഖജനാവില്‍ നിന്ന് നല്‍കേണ്ടി വരും.

വകുപ്പ് പ്രവര്‍ത്തനം നിശ്ചലമാക്കി ഇത്തരം ധൂര്‍ത്ത് നടത്തുന്നത് കൊണ്ട് പൊതുജനങ്ങള്‍ക്കോ പ്രാഥമിക സംഘങ്ങള്‍ക്കോ പ്രത്യേകിച്ചൊരു നേട്ടവുമില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഘങ്ങളുടെ ഫണ്ട് വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട സഹകരണ ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന ചട്ടം മറികടന്ന് സംസ്ഥാനത്തെ 12000 ലധികം പ്രാഥമിക സംഘങ്ങളില്‍ നിന്ന് 5000 രൂപ വീതം എക്‌സ്‌പോക്കായി പിരിച്ചെടുത്തിണ്ട്.

300 ഓളം സ്റ്റാളുകളൊരുക്കുന്നതിന് 5 ലക്ഷം രൂപാവരെ വാടകയിനത്തിനും സംഘങ്ങളില്‍ നിന്ന് പിരിച്ചെടുത്തിട്ടുമുണ്ട്. ഇതിന് പുറമെ ഇവിടെ നടക്കുന്ന സെമിനാറുകളില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍മ്മദ്ദം ചെലുത്തിയാണ് സംഘങ്ങളില്‍ നിന്ന് ഡയറക്ടര്‍മാരെയും ജീവനക്കാരെയും പങ്കെടുപ്പിക്കുന്നത്. ഇതിനുവേണ്ടിയും സംഘങ്ങള്‍ പണം ചെലവഴിക്കണം.

Chandrika Web: