ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകള്‍ക്ക് ആശ്വാസം പകര്‍ന്ന് സുപ്രീംകോടതി ഉത്തരവ്. നവംബര്‍ 10 മുതല്‍ 14 വരെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച 2000 കോടി രൂപ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനാവും. ഈ കാലയളവില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പണം സ്വീകരിക്കാമെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ ബാങ്കുകള്‍ പണം സ്വീകരിച്ചത്. എന്നാല്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജില്ലാ ബാങ്കുകള്‍ക്ക് ഇളവ് നല്‍കിയാല്‍ നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടുമെന്ന് കോടതി വ്യക്തമാക്കി.
സഹകരണ ബാങ്കുകള്‍ക്ക് കോടികളുടെ ആസ്തിയുണ്ട്. രണ്ടാഴ്ച കൂടി കാത്തിരുന്നുകൂടെയെന്നും ഡിസംബര്‍ 30നു ശേഷം സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് കൊണ്ടുവന്നേക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ സഹകരണ ബാങ്കുകളോട് വിവേചനം പാടില്ലെന്ന് നിരീക്ഷിച്ച കോടതിയാണ് ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുന്നത്.