കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ടാങ്കര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. നിലവില്‍ ടാങ്കറിന് ചോര്‍ച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.
മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്ന 18 ടണ്‍ വാതകമടങ്ങിയ ടാങ്കറാണ് മറിഞ്ഞത്. ദേശീയപാതയില്‍ നിന്നും വാഹനം തെന്നിമാറിയതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ പറയുന്നു. ക്യാബിനില്‍ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേര്‍പെട്ട നിലയിലാണ്.
കായംകുളത്തുനിന്നും അഗ്‌നിരക്ഷാ സേനായുടെ രണ്ട് യൂനിറ്റും സിവില്‍ ഡിഫന്‍സും സ്ഥലത്ത് എത്തിയിട്ടുണ്ട്. പാരിപ്പള്ളി ഐ.ഒ.സിയില്‍ വിദഗ്ധര്‍ എത്തി പരിശോധിച്ച ശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.