മെല്‍ബണ്‍ : ആഷസ് പരമ്പരയില്‍ നാലാം ടെസ്റ്റില്‍ മാനം രക്ഷിക്കാന്‍ മെല്‍ബണിലിറങ്ങിയ ഇംഗ്ലണ്ടിന് മുന്‍ നായകന്‍ അലസ്റ്റിര്‍ കുക്കിന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ സന്ദര്‍ശകര്‍ക്ക് ലീഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 327 പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളിനിര്‍ത്തുബോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 491 റണ്‍സ് നേടിയിട്ടുണ്ട്. 164 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനിപ്പോള്‍ ഉള്ളത്.
മോശം ഫോമിന്റെ പേരില്‍ ടീമിലെ സ്ഥാനം തന്നെ തുലാസിലായ സാഹചര്യത്തിലാണ് കുക്കിന്റെ പ്രകടനം. ആഷസ് പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റില്‍ കാര്യമായ ചലനങ്ങള്‍ നടത്താനാവാഞ്ഞ കുക്ക് മെല്‍ബണില്‍ 360 പന്തില്‍ 23 ഫോറിന്റെ അകമ്പടിയോടെയാണ് കരിയറിലെ അഞ്ചാമത്തെ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 244 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട് കുക്ക്. പതിനഞ്ചു പന്തില്‍ റണ്ണൊന്നും നേടാനാവാതെ ആന്‍ഡേഴ്‌സണാണ് കുക്കിന് കൂട്ടായിട്ടുള്ളത്. 63 പന്തില്‍ 56 റണ്‍സുമായി മിന്നിയ ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവേര്‍ഡ് ബ്രോഡിന്റെ ഇന്നിങ്‌സാണ് മൂന്നാം ദിവസത്തെ മറ്റൊരു ഹൈലെറ്റ്. ഒമ്പതാം വിക്കറ്റില്‍ കുക്കിനൊപ്പം ചേര്‍ന്ന ബ്രോഡ് 100 റണ്‍സിന്റെ പാര്‍ട്ടണര്‍ഷിപ്പ് ഉയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. ആതിഥേയര്‍ക്കായി ഹസില്‍വുഡ്, ലിയോണ്‍, കമ്മിന്‍സ് എന്നിവര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
അതേസമയം മെല്‍ബണിലെ ഇന്നിങ്‌സിന്റെ ബലത്തില്‍ ടെസ്റ്റ് ക്രിക്കറ്റ് റണ്‍വേട്ടയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയെ (11953 റണ്‍സ്) പിന്തള്ളി ആറാം സ്ഥാനത്ത് എത്താനും കുക്കിനായി. 11956 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം. 151 മത്സരങ്ങളില്‍ നിന്നായി 46.52 ശരാശരിയിലാണ് ഇത്രയും റണ്‍സ് താരം അടിച്ചു കൂട്ടിയത്. നിലവില്‍ 15921 റണ്‍സുമായി ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്നമെന്ന റെക്കോര്‍ഡിനുടമ. ടെസ്റ്റില്‍ 12000 റണ്‍സെന്ന നാഴികകല്ല് പിന്നിടാന്‍ വെറും 44 റണ്‍സ്മാത്രം അകലയാണ് മുപ്പതിമൂന്നു കാരനായ കുക്ക്.