മധ്യപ്രദേശില്‍ പിതാവിന്റെ സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം. പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്‍ ആവശ്യപ്പെട്ടു. ഇതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.
സംസ്‌കാരത്തെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കിച്ചതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇളയമകന്‍ ദേശ് രാജിനൊപ്പമായിരുന്നു 84കാരനായ ധ്യാനി സിങ് ഘോഷ് താമസിച്ചിരുന്നത്. കാലങ്ങളായി ഇയാള്‍ രോഗബാധിതനുമായിരുന്നു. എന്നാല്‍ ഞായറാഴ്ച ധ്യാനി സിങ് മരിച്ചതോടെ ഗ്രാമത്തിന് പുറത്തു താസിച്ചിരുന്ന മൂത്തമകന്‍ കിഷനെയും വിവരം അറിയിച്ചു.
തുടര്‍ന്ന് കിഷന്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ അച്ഛന്‍ താമസിച്ചിരുന്നിടത്തു തന്നെ സംസ്‌കരിക്കണമെന്നത് അച്ഛന്റെ ആഗ്രഹമാണെന്ന് ഇളയമകന്‍ പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി.
എന്നാല്‍ മദ്യലഹരിയിലായിരുന്ന കിഷന്‍ പിതാവിന്റെ മൃതദേഹം പാതി മുറിച്ച് സംസ്‌കാരത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇളയ മകന്റെ വീട്ടില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു.