തിരുവനന്തപുരം: സുപ്രീംകോടതി ഇടപടലോടെ വിവാദമായ കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഗവര്‍ണര്‍ തള്ളി. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഭരണഘടന നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തള്ളിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി. ബില്ലിനാധാരമായ ഓര്‍ഡിനന്‍സ് നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ ബില്ലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.
180 വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പ്രവേശനം ക്രമപ്പെടുത്താന്‍ ഭരണ-പ്രതിപക്ഷ ഐക്യത്തോടെ കൊണ്ടുവന്ന നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്. വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശം നടത്തിയിരുന്നു.
സര്‍ക്കാരിനുള്ളിലെ തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശന ബില്‍ ഇന്ന് രാവിലെയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. ക്രമവിരുദ്ധമെന്ന് കോടതി കണ്ടെത്തിയ പ്രവേശനം ക്രമപ്പെടുത്താനായിരുന്നു നിയമസഭ പുതിയ ബില്‍ കൊണ്ടുവന്നത്.
അതേസമയം ബില്ലില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖപ്പെടുത്തിയ കുറിപ്പാണ് ഗവര്‍ണര്‍ ബില്ല് തള്ളാന്‍ കാരണമായത്.
ബില്‍ ‘നിയമപരമായി നിലനില്‍ക്കുമോ എന്നകാര്യത്തില്‍ സംശയമുണ്ട്’ എന്ന കുറിപ്പായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റേത്. നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് നേരിട്ടെത്തിയാണ് കരുണ , കണ്ണൂര്‍മെഡിക്കല്‍കോളജ് ബില്ലുള്‍പ്പെടെ ആറ് ബില്ലുകളും പതിമൂന്ന് ഓര്‍ഡിനന്‍സുകളും അംഗീകാരത്തിനായി ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് നല്‍കിയത്. നിയമ സെക്രട്ടറിയുമായി ഗവര്‍ണ്ണര്‍ അല്‍പ്പനേരം ആശയവിനിമയം നടത്തുകയുമുണ്ടായി. കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് സെക്രട്ടറിമാര്‍ നല്‍കിയിരുന്നു.
എന്നാല്‍ ബില്ലില്‍ ആരോഗ്യ, നിയമ വകുപ്പ് സെക്രട്ടറിമാര്‍ അഭിപ്രായം രേഖപ്പെടുത്തിയതില്‍, സര്‍ക്കാരിന് കടുത്ത അതൃപ്തിയാണുള്ളത്.