ബംഗളൂരു: ഐ.ഐ.എം ബാംഗ്ലൂരിന്റെ ബോര്‍ഡ് അംഗത്തിനായുള്ള തെരഞ്ഞെടുപ്പില്‍ വിവാദം. മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പാനലില്‍ ജാതി വിവേചന കേസില്‍ ആരോപിതരായ രണ്ട് പ്രഫസര്‍മാരെ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനിടയാക്കിയത്. സംഭവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തീരുമാനമെടുക്കുന്ന ബോഡിയായ ബോര്‍ഡ് ഓഫ് ഗവര്‍ണറിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
ദലിത് ഫാക്കല്‍റ്റി അംഗത്തിനെതിരെ ജാതി വിവേചനം കാണിച്ച കേസില്‍ ആരോപിതരായ ഐ.ഐ.എം ബാംഗ്ലൂര്‍ ഡയറക്ടര്‍ ഋഷികേശ ടി. കൃഷ്ണന്, മൂന്ന് പേരടങ്ങുന്ന പാനലിലേക്ക് മറ്റ് രണ്ടു പ്രതികളെ നാമനിര്‍ദേശം ചെയ്ത നടപടിയില്‍ ഗ്ലോബല്‍ ഐ.ഐ.എം അലുമ്നി നെറ്റ്വര്‍ക്ക് ശക്തമായി പ്രതിഷേധിച്ചു.
അസോസിയേറ്റ് പ്രഫസറായ ഗോപാല്‍ ദാസ് നല്കിയ കേസില്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കൃഷ്ണന്, ഡീന്‍ ദിനേഷ് കുമാര്‍, ആറ് അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. എല്ലാവര്‍ക്കുമെതിരെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഐ.ഐ.എം.ബി ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്.ഐ.ആറിലെ നടപടികള്‍ കര്‍ണാടക ഹൈകോടതി സ്റ്റേ ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അന്വേഷിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ട് കൂട്ട ഇ മെയിലുകളിലൂടെ തന്റെ ജാതി വെളിപ്പെടുത്തിയതിനാല്‍ ദാസിന് തുടര്‍ച്ചയായ പീഡനം നേരിടേണ്ടിവന്നുവെന്ന നിഗമനത്തിലെത്തുകയും ചെയ്തു.
ആരോപണവിധേയരായ പ്രഫസര്‍മാരുടെ പേരുകള്‍ ഡയറക്ടര്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ഗ്ലോബല്‍ ഐ.ഐ.എം അലുമ്നി നെറ്റ്വര്ക്കിലെ അനില്‍ വാഗ്ഡെ പറഞ്ഞു. ‘വിവേചനത്തിന്റെ കാര്യത്തില്‍ രണ്ട് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കെതിരെ ബാംഗ്ലൂരിലെ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വാഗ്ഡെ പറഞ്ഞു.
എന്നാല്‍, തീരുമാനത്തെ ന്യായീകരിക്കുകയാണ് സ്ഥാപനം ചെയ്തത്. സ്ഥാനാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഐ.ഐ.എം-ബി വക്താവ് കവിത കുമാര്‍ പറഞ്ഞു.